ഹിന്ദ്വത്വഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ച സിനിമാപ്രദര്‍ശനം മറ്റൊരു വേദിയില്‍ നടക്കും

തിങ്കളാഴ്ച വൈകീട്ട് നിശ്ചയിച്ചിരുന്ന സനു കുമ്മിളിന്റെ 'ചായക്കടക്കാരന്റെ മന്‍ കി ബാത് ' എന്ന സിനിമയുടെ പ്രദര്‍ശനമാണ് വിലക്കിയത്.

Update: 2019-09-24 01:34 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ച ഡല്‍ഹി കേരള ക്ലബ്ബില്‍ നടക്കേണ്ടിയിരുന്ന സിനിമാപദര്‍ശനം മറ്റൊരു വേദിയില്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് നിശ്ചയിച്ചിരുന്ന സനു കുമ്മിളിന്റെ 'ചായക്കടക്കാരന്റെ മന്‍ കി ബാത് ' എന്ന സിനിമയുടെ പ്രദര്‍ശനമാണ് വിലക്കിയത്. ചിത്രത്തിന്റെ പ്രദര്‍ശനം ഡല്‍ഹിയിലെ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മലയാളി ചലച്ചിത്ര ആസ്വാദക കൂട്ടായ്മയായ ക്‌ളോണ്‍ സിനിമ ആള്‍ട്ടര്‍നേറ്റീവ് അറിയിച്ചു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. മോദി സര്‍ക്കാറിനെ താറടിച്ചു കാണിക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണി.

ഏതാനും മാസം മുമ്പ് സംവിധായകന്‍ പ്രിയനന്ദന്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഹിന്ദുത്വ സംഘടനകള്‍ അലങ്കോലപ്പെടുത്തിയിരുന്നു. പ്രിയനന്ദന്‍ അയ്യപ്പനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തെക്കൊണ്ട് വീണ്ടും മാപ്പു പറയിപ്പിച്ചു. ഇതേ സാഹചര്യം ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് സനുവിന്റെ സിനിമ വേണ്ടെന്നുവെക്കാന്‍ കേരള ക്ലബ് തീരുമാനിച്ചത്. എന്നാല്‍, ഭാരവാഹികള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Tags: