കൊല്ലപ്പെട്ടേക്കാം, അടിയന്തിരമായി തോക്ക് ലൈസന്‍സ് വേണം: ഉന്നാവ പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ കത്ത് പുറത്ത്

വാഹനാപകടത്തിനു ദിവസങ്ങള്‍ക്കു മുമ്പ്, ജൂലൈ 15ന് അഭിഭാഷകന്‍ മഹേന്ദ്ര സിങ് ജില്ലാ മജിസ്‌ട്രേറ്റിനു അയച്ച കത്താണ് പുറത്തായത്.

Update: 2019-08-01 13:25 GMT

ന്യൂഡല്‍ഹി: കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും അടിയന്തിരമായി തോക്ക് ലൈസന്‍സ് വേണമെന്നും ആവശ്യപ്പെട്ട് ബലാല്‍സംഗത്തിനിരയായ ഉന്നാവ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ അയച്ച കത്ത് പുറത്തായി. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും ബന്ധുക്കള്‍ കൊല്ലപ്പെടാനും കാരണമായ വാഹനാപകടത്തിനു ദിവസങ്ങള്‍ക്കു മുമ്പ്, ജൂലൈ 15ന് അഭിഭാഷകന്‍ മഹേന്ദ്ര സിങ് ജില്ലാ മജിസ്‌ട്രേറ്റിനു അയച്ച കത്താണ് പുറത്തായത്. കത്തയച്ച് ഒരാഴ്ചയ്ക്കകം തന്നെയാണ് അഭിഭാഷകനും പെണ്‍കുട്ടിയും അപകടത്തില്‍പെട്ടത്. തോക്കിനു വേണ്ടി താന്‍ നേരത്തേ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ഉന്നതരുടെ സമ്മര്‍ദ്ദം കാരണം ലൈന്‍സന്‍സ് അനുവദിച്ചില്ലെന്നും ഹിന്ദിയില്‍ എഴുതിയ കത്തില്‍ അഭിഭാഷകന്‍ പറയുന്നുണ്ട്. എന്നാല്‍, കത്ത് ജില്ലാ മജിസ്‌ട്രേറ്റ് പരിഗണിച്ചില്ല. അഭിഭാഷകനു പുറമേ പെണ്‍കുട്ടിയും സുരക്ഷ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ കത്ത് സുപ്രിംകോടതി രജിസ്ട്രി ചീഫ് ജസ്റ്റിസിനു കൈമാറിയിരുന്നില്ല. സംഭവത്തില്‍ ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ ബലാല്‍സംഗം ചെയ്‌തെന്നു പരാതി നല്‍കിയ പെണ്‍കുട്ടിയും അഭിഭാഷകനും ഇരുവരും വെന്റിലേറ്ററില്‍ തുടരുകയാണ്. അപകടത്തെ കുറിച്ച് സിബിഐ അന്വേഷിക്കുന്നുണ്ട്.





Tags:    

Similar News