ഫാത്തിമ ലത്തീഫിന്റെ മരണം: കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഫാത്തിമ ലത്തീഫിന്റേത് ഉള്‍പ്പടെ മദ്രാസ് ഐഐടിയിലെ ദുരൂഹമരണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

Update: 2019-12-03 09:50 GMT

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച കേസിലെ അന്വേഷണം എന്തുകൊണ്ട് സിബിസിഐഡിക്ക് കൈമാറുന്നില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരിനോടു മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഫാത്തിമ ലത്തീഫിന്റേത് ഉള്‍പ്പടെ മദ്രാസ് ഐഐടിയിലെ ദുരൂഹമരണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

2006ന് ശേഷം മദ്രാസ് ഐഐടിയില്‍ നടന്ന ആത്മഹത്യകളെക്കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിസിഐഡി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂട്ടത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് എന്‍എസ്‌യു സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

അതേസമയം, ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാല്‍ സിബിസിഐഡിയുടെ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സിബിഐയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴത്തെ പ്രത്യേക അന്വേഷണസംഘത്തിലുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Tags: