ടോള്‍ പ്ലാസകളില്‍ ഇനിമുതല്‍ 'ഫാസ്ടാഗ്' സംവിധാനം

നാലു മാസത്തിനകം ഘടിപ്പിച്ചില്ലെങ്കില്‍ ടോള്‍ പ്ലാസകളില്‍ ഇരട്ടി തുക ഈടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

Update: 2019-08-01 07:44 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍പ്ലാസകളെല്ലാം പൂര്‍ണമായും ഫാസ് ടാഗ് ട്രാക്കുകളാക്കാനുള്ള നിയമവുമായി ദേശീയപാത അതോറിറ്റി. എല്ലാ ട്രാക്കുകളിലും ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ ഒന്നുമുതല്‍ ഫാസ് ടാഗ് ഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. നാലു മാസത്തിനകം ഘടിപ്പിച്ചില്ലെങ്കില്‍ ടോള്‍ പ്ലാസകളില്‍ ഇരട്ടി തുക ഈടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ കടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാവും.

    വാഹനങ്ങളുടെ എണ്ണം കൂടുന്നതുമൂലം ടോള്‍പ്ലാസകളില്‍ കുരുക്ക് രൂക്ഷമാവാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് തീരുമാനമെന്നാണ് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. രാജ്യത്ത് ആകെ പിരിക്കുന്ന ടോളിന്റെ 25 ശതമാനം മാത്രമാണ് ഫാസ്ടാഗിലൂടെ ലഭിക്കുന്നത്. 2017ല്‍ ദിവസ ഇടപാട് 30,000 രൂപയായിരുന്നു. 2019ല്‍ 8.62 ലക്ഷമായി. പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ഇത് പരിഹരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഡിജിറ്റല്‍ പണമടയ്ക്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. ഇതുപയോഗിച്ചാല്‍ ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണമടച്ച് കടന്നുപോവാം. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലാണ്(മുന്‍വശത്തെ ഗ്ലാസ്) ഫാസ്ടാഗ് സ്റ്റിക്കര്‍ പതിക്കുക. ഇതില്‍ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോള്‍ ഇടപാട്. വാഹനം ടോള്‍ പ്ലാസയിലെത്തുമ്പോള്‍ പണമടയ്ക്കാതെ കടന്നുപോവാം. ഫാസ് ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍നിന്ന് പണം പിടിത്തും. അക്കൗണ്ടിലെ പണം തീരുന്നമുറയ്ക്ക് ടാഗ് റീചാര്‍ജ്ജ് ചെയ്യാം. ഒരുവാഹനത്തിന് ഒരു ഫാസ് ടാഗാണ് ഉണ്ടാവുക. മറ്റു വാഹനങ്ങളിലേക്ക് ഇതു മാറ്റി പതിപ്പിക്കാനാവില്ല. തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍(സിഎസ്‌സി) എന്നിവിടങ്ങളില്‍നിന്ന് ഫാസ് ടാഗ് രജിസ്‌ട്രേഷന്‍ നടത്താം. വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദിഷ്ട ഫീസടച്ചാല്‍ സ്റ്റിക്കര്‍ കിട്ടും. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍തന്നെ ഈ സൗകര്യം ചെയ്യുന്നുണ്ട്. ബാങ്കുകളിലൂടെയും മൊബൈല്‍ വാലറ്റുകളിലൂടെയും ടാഗ് റീചാര്‍ജ്ജ് ചെയ്യാം. പുതിയ നിയമം ടോള്‍പ്ലാസകളില്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാഷനല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു ഗതാഗതമന്ത്രാലയം ഇതിനോടകം കത്തയച്ചിട്ടുണ്ട്.


Tags: