ആർട്ടിക്കിൾ 370 നായുള്ള പ്രക്ഷോഭം തുടരുക തന്നെ ചെയ്യും; ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ഫറൂഖ് അബ്ദുല്ല
ഫാറൂഖ് അബ്ദുല്ല ജീവിച്ചിരുന്നാലും മരിച്ചാലും പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനഗർ: ആർട്ടിക്കിൾ 370 നായുള്ള പ്രക്ഷോഭം തുടരുക തന്നെ ചെയ്യുമെന്ന് ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ഫറൂഖ് അബ്ദുല്ല. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല പ്രതികരണവുമായി രംഗത്തെത്തി.
എനിക്ക് യാതൊരു വിധത്തിലുമുള്ള അസ്വസ്ഥതയുമില്ല. നിങ്ങള്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്. എനിക്ക് ആകെയുള്ളൊരു ദുഖം ഇന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്നുള്ളത് മാത്രമാണെന്ന് ഫറൂഖ് അബ്ദുല്ല പറഞ്ഞു. അതോടൊപ്പം ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ തന്റെ പാര്‍ട്ടിയുടെ നിലപാട് അബ്ദുല്ല ആവര്‍ത്തിച്ചു. ഫാറൂഖ് അബ്ദുല്ല ജീവിച്ചിരുന്നാലും മരിച്ചാലും പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ അന്വേഷണത്തെ രാഷ്ട്രീയ പകപോക്കല്‍ എന്നാണ് നാഷണല്‍ കോണ്‍ഫറന്‍സും കാശ്മീരിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും വിശേഷിപ്പിച്ചത്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതി വിഷയത്തിലാണ് ചോദ്യം ചെയ്തത്. അതേസമയം ജമ്മു കശ്മീരിലെ പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് പുതിയ മുന്നണി രൂപീകരിക്കാനുള്ള ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിനെതിരെയുള്ള നീക്കമായാണ് ഈ ചോദ്യം ചെയ്യല്‍ വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറികേസ് അന്വേഷിക്കുന്നത്. 2018ലാണ് സാമ്പത്തിക കുറ്റകൃത്യം ആരോപിച്ച് കൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് എംപിയായിരുന്ന ഫറൂഖ് അബ്ദുല്ലയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ സിബിഐ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്. 2002- 11 കാലയളവില്‍ 43. 69 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്ന ആരോപണം.
