ബിഹാറിൽ കർഷക മാർച്ചിന് നേരേ പോലിസ് നരനായാട്ട്
ഡക്ക് ബംഗ്ലാവ് ക്രോസിങ്ങിൽ മാർച്ച് എത്തിയതിന് പിന്നാലെയാണ് പോലിസ് അതിഭീകരമായ ലാത്തിച്ചാർജ് നടത്തിയത്.
പട്ന: ബിഹാറിൽ കർഷകരുടെ രാജ്ഭവൻ മാർച്ചിന് നേരെ പോലിസ് നരനായാട്ട്. ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കര്‍ഷക സമരങ്ങളോട് ഐക്യപ്പെടുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് കര്‍ഷകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.
റാലിയുടെ ആരംഭ സ്ഥലമായ ഗാന്ധി മൈതാനത്ത് പ്രകടനക്കാരും പോലിസും കർഷകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഡക്ക് ബംഗ്ലാവ് ക്രോസിങ്ങിൽ മാർച്ച് എത്തിയതിന് പിന്നാലെയാണ് പോലിസ് അതിഭീകരമായ ലാത്തിച്ചാർജ് നടത്തിയത്. ലാത്തിച്ചാർജ്ജിൽ നിരവധി പേർക്ക് പരിക്കേറ്റു.
സമരം തുടങ്ങി 33 ദിവസങ്ങള്‍ തികയുമ്പോള്‍ ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും കൂടാത രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും വ്യാപകപ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. രാജ്യ തലസ്ഥാനമായ ഡൽഹിയില്‍ നിന്നും മറ്റിടങ്ങളിലേക്ക് കൂടി ശ്രദ്ധ വ്യാപിപ്പിക്കാന്‍ വിപുലമായ പ്രക്ഷോഭ പരിപാടികളാണ് കര്‍ഷക സംഘടനകള്‍ ആസൂത്രണം ചെയ്യുന്നത്.