റിപബ്ലിക് ദിനത്തിലെ സംഘര്‍ഷം: ട്രാക്ടറുടമകളെ വേട്ടയാടാനുറച്ച് ഡല്‍ഹി പോലിസ്
നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഡല്‍ഹി പോലീസ് ശേഖരിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കും
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കിയവര്‍ എത്തിയ ട്രാക്ടറുടമകളെ വേട്ടയാടാനുറച്ച് ഡല്‍ഹി പോലിസ്. ട്രാക്ടര്‍ ഉടമകളുടെയെല്ലാം മേല്‍വിലാസം കണ്ടെത്തി അവര്‍ക്കെല്ലാം നോട്ടിസ് അയക്കുമെന്ന് ഡല്‍ഹി എസിപി ബികെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഡല്‍ഹി പോലീസ് ശേഖരിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യായിരത്തോളം വീഡിയോകളും ഫോട്ടോകളുമാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് ശേഖരിച്ചിട്ടുള്ളത്. 50 നോട്ടിസുകള്‍ ഇതിനകം അയച്ചുകഴിഞ്ഞു. ട്രാക്ടറുകളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറി ഉടമകളെ കണ്ടെത്തും. തുടര്‍ന്ന് അവര്‍ക്കെല്ലാം നോട്ടിസ് അയക്കാനാണ് നീക്കം.
കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് ഡല്‍ഹി പോലിസ്. ട്രാഫിക് പോലിസ്, നാഷണല്‍ ഹൈവേ അതോറിറ്റി, പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റ്, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍, വിവിധ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ എന്നിവയോട് പോലിസ് വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.