നിയമം റദ്ദാക്കാതെ പ്രക്ഷോഭത്തില്‍നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍; ഇന്ന് ഒമ്പതാംഘട്ട ചര്‍ച്ച

Update: 2021-01-15 00:55 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ അഞ്ച് അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുള്ള കര്‍ഷകപ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കെ, സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. അതേസമയം, പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്നടക്കം ഡല്‍ഹിക്കു തിരിച്ചിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്രം എട്ടുതവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

വെള്ളിയാഴ്ച ഫലപ്രദമായ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകനേതാക്കളുമായി തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്കുതയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കര്‍ഷകനേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമങ്ങള്‍ പരിശോധിക്കാനുള്ള സമിതിക്കു മുമ്പാകെ ഹാജരാവില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴുള്ളവ റദ്ദാക്കി പുതിയ നിയമങ്ങള്‍ രൂപീകരിക്കാനുള്ള സമിതിയോട് സഹകരിക്കാമെന്ന നിലപാടിലാണ് കര്‍ഷകര്‍. നിലവിലെ സമിതിയിലുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപിന്ദര്‍ സിങ് മാന്‍ സുപ്രിം കോടതിയുടെ നാലംഗ സമിതിയില്‍നിന്ന് സ്വയം പിന്‍മാറി. തന്നെ പാനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് സുപ്രിംകോടതിയോട് നന്ദിയുണ്ടെന്നും എന്നാല്‍ കര്‍ഷകരുടെ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് സുപ്രിംകോടതി നിയോഗിച്ച പാനല്‍ ജനുവരി 19 ന് ആദ്യയോഗം ചേരാനിരിക്കെ വെള്ളിയാഴ്ച സര്‍ക്കാരും യൂനിയനുകളും തമ്മിലുള്ള കൂടിക്കാഴ്ച അവസാനത്തേത്താവുമെന്നാണ് കരുതുന്നത്.

Tags: