കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു
കർഷക സമരത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കർഷകനാണ് കശ്മീർ സിങ്.
ന്യൂഡൽഹി: കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഗാസിപൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. കാർഷിക നിയമത്തിനെതിരേ ഡൽഹി അതിർത്തിയിൽ സമരം ചെയ്തിരുന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. ഗാസിപൂരിൽ സമര സ്ഥലത്തെ താത്കാലിക ശുചി മുറിയിൽ കശ്‌മീർ സിങ്ങിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കർഷക സമരത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കർഷകനാണ് കശ്മീർ സിങ്. അതിശൈത്യവും ആരോഗ്യപ്രശ്നവും മൂലം 37 പേർ മരിച്ചു. അതേസമയം തിങ്കളാഴച കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു.
ജനുവരി 6 മുതൽ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തും. കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് നീങ്ങും.
റിപ്പബ്ലിക് ദിനത്തിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. ഡൽഹിക്ക് അകത്തും ട്രാക്ടർ മാർച്ച് സംഘടിപ്പക്കും.ജനുവരി 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധം നടത്തുമെന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചു. അതി ശൈത്യത്തെ അതിജീവിച്ച് ഡൽഹി അതിർത്തികളിലെ സമരം 38-ാം ദിവസവും തുടരുകയാണ്.