17കാരന് പോലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം, നീതി തേടി കുടുംബം ഗുജറാത്ത് ഹൈക്കോടതിയില്‍
അഹ്‌മദാബാദ്: 17കാരനായ മുസ് ലിം ആണ്‍കുട്ടിക്ക് പോലിസ് കസ്റ്റഡിയില്‍ ക്രൂര പീഡനമുണ്ടായതായി റിപോര്‍ട്ട്.ബോത്താദിലെ 17കാരനാണ് ദുരനുഭവം. മോഷണ കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം 17കാരനെ പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആണ്‍കുട്ടിയെ 10ദിവസം കസ്റ്റഡിയില്‍ വയ്ക്കുകയും ഭീകരമായി ഉപദ്രവിക്കുകയും ചെയ്തു. ലൈംഗികാതിക്രമവും നടന്നു. കൂടാതെ ഇല്കട്രിക്ക് ഷോക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതായും കിഡ്‌നിക്ക് ആന്തരികമായി പരിക്ക് പറ്റിയതായും റിപോര്‍ട്ടുണ്ട്. കുട്ടിക്ക് മാനസിക ആഘാതം സംഭവിച്ചതായി കോടതിയില്‍ നല്‍കിയ ഹരജിയില്‍ കുടുംബ പറയുന്നു. നിരപരാധിയായ തന്റെ സഹോദരനെ നിഷ്‌കരുണം മര്‍ദ്ദിച്ചു,ഞങ്ങള്‍ക്ക് നീതിയും നഷ്ടപരിഹാരവും വേണം-കുടുംബം സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
കോടതി മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തിന്റെയോ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെയോ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവരെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെ കീഴില്‍ കൊണ്ടുവന്ന് 24 മണിക്കൂറിനുള്ളില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്ന 2015 ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ഹരജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ രോഹിന്‍ ഭട്ട്, മഹര്‍ഷി എച്ച് പട്ടേല്‍, പ്രിയങ്ക വി ലിംബാച്ചിയ എന്നിവര്‍ ചൂണ്ടികാട്ടി.
