ബംഗളൂരു: ട്രെയിനില്‍ ബോംബ് വച്ചെന്ന് വ്യാജ ഭീഷണി. ന്യൂഡല്‍ഹി-ബംഗളൂരു കര്‍ണാടക എക്‌സ്പ്രസ് ട്രെയിനിലെ (കെ.കെ എക്‌സ്പ്രസ്) യാത്രക്കാരനാണ് ഞായറാഴ്ച രാവിലെ റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. വാഡി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം നാല് മണിക്കൂര്‍ സമഗ്രമായ സുരക്ഷ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഭീഷണി മുഴക്കിയ ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപ് സിങ് റാത്തോഡിനെ (33) അറസ്റ്റ് ചെയ്തു. വാഡി റെയില്‍വേ പോലിസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്. വ്യാജ ഫോണ്‍ കോള്‍ ചെയ്തതായും തെറ്റായ വിവരങ്ങള്‍ നല്‍കിയതായും ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ഗുണ്ടക്കലിലേക്കുള്ള യാത്രയിലായിരുന്നു ഇയാള്‍.
ഭീഷണിയെത്തുടര്‍ന്ന് വാഡി സ്‌റ്റേഷനില്‍ നിര്‍ത്തിയ കര്‍ണാടക എക്‌സ്പ്രസ് ഏറെ വൈകിയാണ് പുറപ്പെട്ടത്. ബോംബ് നിര്‍വീര്യമാക്കല്‍ സംഘങ്ങളെയും ഡോഗ് സ്‌ക്വാഡുകളെയും വിന്യസിച്ചു. ട്രെയിനിന്റെ 22 കോച്ചുകളും പരിശോധിച്ചു. പരിശോധനക്കിടെ യാത്രക്കാരെ ഇറക്കി. സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജ മുന്നറിയിപ്പാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. റാത്തോഡിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സബ് ഇന്‍സ്‌പെക്ടര്‍ എച്ച്.എസ്. വീരഭദ്രപ്പ പറഞ്ഞു.