തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി; നാലുപേര്‍ മരിച്ചു

രാസവസ്തുക്കള്‍ കലര്‍ത്തി പായ്ക്കറ്റുകളിലാക്കുന്ന ഷെഡ്ഡിലാണ് പൊട്ടിത്തെറി നടന്നത്. തൊഴിലാളികള്‍ പടക്കങ്ങള്‍ വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍നിന്നുണ്ടായ തീപ്പൊരിയെത്തുടര്‍ന്ന് പടക്കങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Update: 2020-02-19 19:31 GMT

ചെന്നൈ: തമിഴ്‌നാട് ചിന്നകമണ്‍പട്ടി വിരുദുനഗറിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. ആറുപേര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. ഇ പാണ്ഡ്യരാജന്‍ (28), പി കാര്‍ത്തിക് (17), പി വെള്ളൈസ്വാമി (60) എന്നിവരെയാണ് തിരിച്ചറിഞ്ഞതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കുഞ്ഞ് ഷെഡ്ഡുകളിലായി പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണകേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. രാസവസ്തുക്കള്‍ കലര്‍ത്തി പായ്ക്കറ്റുകളിലാക്കുന്ന ഷെഡ്ഡിലാണ് പൊട്ടിത്തെറി നടന്നത്. തൊഴിലാളികള്‍ പടക്കങ്ങള്‍ വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍നിന്നുണ്ടായ തീപ്പൊരിയെത്തുടര്‍ന്ന് പടക്കങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മൂന്ന് ഷെഡ്ഡുകള്‍ പൊട്ടിത്തെറിയില്‍ പൂര്‍ണമായും തകര്‍ന്നതായി പോലിസ് പറഞ്ഞു. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ശിവകാശിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമായതിനാല്‍ നാലുപേരെ മധുരയിലെ ഗവ. രാജാജി ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വാഹനത്തില്‍നിന്നുണ്ടായ തീപ്പൊരിയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പോലിസിന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ സാത്തൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Tags:    

Similar News