രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ ഉടന്‍ നിരോധിക്കും; ഇടപാടിന് അനുമതിയുള്ളത് സര്‍ക്കാരിന്റെ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് മാത്രം: നിര്‍മല സീതാരാമന്‍

ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കാന്‍ ഉടന്‍തന്നെ നിയമം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലെ നിയമം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Update: 2021-02-10 13:37 GMT

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികളും രാജ്യത്ത് ഉടന്‍തന്നെ നിരോധിക്കും. ക്രിപ്‌റ്റോ കറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു. സര്‍ക്കാര്‍ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സികള്‍ക്ക് മാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നല്‍കുക.

ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കാന്‍ ഉടന്‍തന്നെ നിയമം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലെ നിയമം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ് സംബന്ധിച്ച് കര്‍ശനനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികളും രാജ്യത്ത് ഉടന്‍ നിരോധിക്കുമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്. വിഷയം പഠിക്കാന്‍ ധനവകുപ്പ് സെക്രട്ടറിക്ക് കീഴില്‍ മന്ത്രാലയതല ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്- ധനമന്ത്രി വ്യക്തമാക്കി.

ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2018-19 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്തു. ക്രിപ്‌റ്റോ കറന്‍സികളെ അംഗീകൃത വിനിമയ ഉപാധിയായി രാജ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍, സുപ്രിംകോടിതി ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ഉടന്‍തന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍.

നിരോധനകാര്യത്തില്‍ എംപവേഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ യോഗം വൈകാതെ ചേരുമെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ആര്‍ബിഐ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ബില്ലും തയ്യാറാക്കിവരികയാണ്. ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ബിഐ, സെബി എന്നീ റെഗുലേറ്ററി സംവിധാനങ്ങള്‍ക്കൊന്നും ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടില്ല.

കറന്‍സികളോ ആസ്തികളോ ഉപഭോക്താവ് നല്‍കുന്ന സെക്യൂരിറ്റികളോ ചരക്കുകളോ അല്ലാത്തതുകൊണ്ടാണ് നിലവിലെ സംവിധാനമുപയോഗിച്ച് അതിന് കഴിയാത്തത്. അതേസമയം, ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഈ മാസം തുടക്കത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിക്ക് ബദലായി ഡിജിറ്റല്‍ കറന്‍സി വൈകാതെ പ്രചാരത്തിലെത്തുമെന്നാണ് വാര്‍ത്തകള്‍.

Tags: