കര്‍ഷകപ്രശ്‌നം പഠിക്കാനുള്ള വിദഗ്ധസമിതി പുനസ്സംഘടിപ്പിക്കണം; ഹരജിയുമായി ഭാരതീയ കിസാന്‍ യൂനിയന്‍ സുപ്രിംകോടതിയില്‍

കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാടുള്ളവരല്ലെന്നും ഇവരെല്ലാം കാര്‍ഷികനിയമത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണെന്നുമാണ് ഹരജിയില്‍ പറയുന്നത്.

Update: 2021-01-17 11:49 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാനും കര്‍ഷകരുമായി ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കാനും സുപ്രിംകോടതി നിയോഗിച്ച വിദഗ്ധസമിതി പുനസ്സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി. ഭാരതീയ കിസാന്‍ യൂനിയന്‍ ലോക് ശക്തി എന്ന സംഘടനയാണ് ഹരജി നല്‍കിയത്. കാര്‍ഷകസമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മോര്‍ച്ചയില്‍ ഭാരതീയ കിസാന്‍ യൂനിയന്‍ ലോക് ശക്തി അംഗമല്ല. കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാടുള്ളവരല്ലെന്നും ഇവരെല്ലാം കാര്‍ഷികനിയമത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണെന്നുമാണ് ഹരജിയില്‍ പറയുന്നത്.

കര്‍ഷകസംഘടനകള്‍ സമിതിയുമായി സഹകരിക്കില്ലെന്ന തീരുമാനത്തിലാണെന്നും അതിനാല്‍ സമിതി പുനസ്സംഘടിപ്പിച്ച് സ്വതന്ത്ര നിലപാടുള്ളവരെ ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഘടന സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. അതേസമയം, സുപ്രിംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകസംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു. അതിനിടെ കര്‍ഷകനേതാക്കള്‍ക്ക് അടക്കം എന്‍ഐഎ നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും. എന്‍ഐഎ നോട്ടീസില്‍ നിയമപോരാട്ടം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

എന്‍ഐഎയുടെ നോട്ടീസ്, റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് അടക്കമുള്ള വിഷയങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്‍ഐഎ ഉപയോഗിച്ച് നേതാക്കളെ അടക്കം സമ്മര്‍ദ്ദത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഇതുവഴി സമരം ഇല്ലാതെയാക്കാനാണ് ശ്രമം. ഇതിനെതിരായ പ്രചാരണവും സമരത്തിന്റെ ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യും. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കും. അതിനിടെ, ഖാലിസ്ഥാന്‍ സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ നല്‍കിയ നോട്ടീസില്‍ കര്‍ഷകനേതാക്കള്‍ അടക്കം ആരും ഇന്ന് ഹാജരായില്ല.

Tags:    

Similar News