ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ മുടങ്ങി; വിദ്യാര്‍ഥിനിക്ക് 9.10 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് റെയില്‍വേ
ലഖ്‌നൗ: ട്രെയിന്‍ വൈകിയതിനാല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് റെയില്‍വേ. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്ത്യ കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 7 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി.
2018 മേയ് 7 നായിരുന്നു സമൃദ്ധിയുടെ ബിഎസ്സി ബയോടെക്‌നോളജി എന്‍ട്രന്‍സ് പരീക്ഷ. ലഖ്നൗവിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാനായി ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലാണ് സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
രാവിലെ 11 മണിക്ക് ലഖ്നൗവില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ രണ്ടര മണിക്കൂറോളം വൈകി. ഉച്ചയ്ക്ക് 12.30-ന് പരീക്ഷാ കേന്ദ്രത്തില്‍ റിപോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിദ്യാര്‍ഥിനിക്ക് ട്രെയിന്‍ വൈകിയത് പരീക്ഷയെഴുതാനായില്ല. തുടര്‍ന്നാണ് സമൃദ്ധി റെയില്‍വേക്കെതിരേ പരാതി നല്‍കിയത്.
സമയബന്ധിതമായി സേവനം ഉറപ്പുവരുത്തുന്നതില്‍ റെയില്‍വേ പരാജയപ്പെട്ടുവെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ട്രെയിന്‍ വൈകിയതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ റെയില്‍വേയ്ക്ക് സാധിച്ചില്ല. തുടര്‍ന്നാണ് സമൃദ്ധിക്ക് അനുകൂലമായി വിധി വന്നത്.
