കൊവിഡ്: ജൂലൈ ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും പരിശോധന നടത്തും
കഴിഞ്ഞ ആഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ 66,000 കേസുകളുള്ള ഡല്‍ഹിയില്‍ 261 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം പരിശോധിക്കുന്നതിന് പുതിയ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. ജൂലൈ ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും പരിശോധന നടത്തും. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. ഇന്നലെ മാത്രം 3,947 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലെ കണക്കുകള്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ആഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ 66,000 കേസുകളുള്ള ഡല്‍ഹിയില്‍ 261 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
ഡല്‍ഹിയില്‍ പ്രതിദിനം 2,500 പുതിയ കേസുകളും 75 മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെടുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ 45 ശതമാനം കേസുകളും സമ്പര്‍ക്കം കാരണമാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍, സിസിടിവി കാമറകള്‍ ഉപയോഗിച്ച് പോലിസ് പരിശോധയും നിയന്ത്രണവും നടത്തും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ രോഗികളെ കൊവിഡ് പരിചരണകേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തും. അഞ്ചുമുതല്‍ 10 ദിവസം വരെയുള്ള കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാ രോഗലക്ഷണവും ലക്ഷണവുമില്ലാത്ത കേസുകളും പരിശോധിക്കും.
ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപ്തി കണക്കാക്കുന്നതിന്റെ ഭാഗമായി 20,000 സാംപിളുകള്‍ ഈമാസം 27 ശേഖരിക്കും. ഫലം ജൂലൈ 10 ഓടെ പുറത്തിറങ്ങും. വര്‍ധിച്ചുവരുന്ന കേസുകള്‍ക്കിടയില്‍, നഗരത്തിലെ സ്ഥിതി ഭയാനകവും ദയനീയവുമാണെന്ന് ഡല്‍ഹി സര്‍ക്കാരിനെ ഈ മാസം ആദ്യം സുപ്രിംകോടതി ശാസിച്ചിരുന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് എറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത് തമിഴ്‌നാട്ടിലായിരുന്നു. എന്നാല്‍, കഴിഞ്ഞ ഞായറോടെ ഡല്‍ഹി ഇതിനെ മറികടന്നു. 2,000ലധികം മരണങ്ങള്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം നാലരലക്ഷം കടന്നിരിക്കുകയാണ്.

