ഗരീബ് നവാസ് മസ്ജിദ് തകർത്ത ഉദ്യോഗസ്ഥ ക്രിമിനലുകൾക്ക് ശിക്ഷ ഉറപ്പുവരുത്തുക; മസ്ജിദ് യഥാസ്ഥാനത്ത് ഉടൻ പുനർനിർമ്മിക്കുക: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ

പ്രദേശത്തെ ജനങ്ങൾ ഇത്തരം നടപടികളുടെ പേരിൽ ഭയപ്പെടുകയോ ആശങ്കാകുലരാവുകയോ ചെയ്യേണ്ടതില്ല; ഈ അതിക്രമങ്ങൾക്കെതിരേ ജനാധിപത്യപരമായ രീതിയിൽ പോരാടുകയും ശക്തമായ നിയമനടപടി സ്വീകരിക്കുകയും ചെയ്ത് ധൈര്യമായി മുന്നോട്ടു പോകണം.

Update: 2021-05-20 05:17 GMT

ന്യൂഡൽഹി: ഒരു നൂറ്റാണ്ട് പഴക്കമുള്ള യുപിയിലെ ഗരീബ് നവാസ് മസ്ജിദ് ഭരണകൂടം പൊളിച്ചു നീക്കിയ നടപടി അത്യന്തം ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥരെ ഉടനടി പിരിച്ചുവിട്ട് അവർക്കെതിരേ ക്രിമിനൽ ശിക്ഷ ഉറപ്പുവരുത്തണമെന്നും മസ്ജിദ് ഉടനെ തൽസ്ഥാനത്ത് തന്നെ പുനർനിർമിച്ച് മുസ്ലിം സമുദായത്തിന് കൈമാറാൻ സന്നദ്ധമാവണമെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ദേശീയ പ്രസിഡന്റ് മൗലാന മുഹമ്മദ് അഹമ്മദ് ബേഗ് നദ് വി സർക്കാരിനോട് ആവശ്യപ്പെട്ടു.

യുപിയിലെ ബരാബംഗി ജില്ലയിലെ 100 വർഷം പഴക്കമുള്ള ഗരീബ് നവാസ് മസ്ജിദ്, കാരണം ബോധിപ്പിക്കാതെയും മുൻകൂർ നോട്ടീസ് നൽകാതെയും രാത്രിയുടെ ഇരുളിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ പോലിസ് ഉദ്യോഗസ്ഥന്മാർ അക്രമപരമായാണ് പൊളിച്ചുനീക്കിയത്. രാത്രിയുടെ ഇരുളിൽ ഇത്തരം അതിക്രമങ്ങൾ ചെയ്യാൻ ആരാണ് ഇവർക്ക് ധൈര്യം പകരുന്നത്? എന്തു കൊണ്ടാണ് ഇത്തരക്കാർ നിയന്ത്രിക്കപ്പെടാത്തത്? എന്തുകൊണ്ടാണ് ഇക്കൂട്ടർ അറസ്റ്റ് ചെയ്യപ്പെടാത്തത്? നാട്ടിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്താൻ ചുമതലയുള്ള പോലിസും സൈന്യവും തന്നെ ഇത്തരമൊരു ക്രൂരകൃത്യത്തിന് നേതൃത്വം കൊടുക്കുന്നതെങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുന്നത്? ഇവർക്ക് ക്രമസമാധാനം നിലനിർത്താനും മാനവിക മൂല്യങ്ങൾ ഉറപ്പുവരുത്താനും ബാധ്യതയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'ഗരീബ് നവാസ് മസ്ജിദ് ' എന്നറിയപ്പെടുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള പള്ളി ഭരണകൂടത്തിന്റെ പിൻബലത്തോടെ പോലിസുകരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയ നടപടി വളരെയധികം ഞെട്ടലുളവാക്കുന്നതാണ്. ഇത്തരം സംഭവങ്ങളെ കോടതി ശക്തമായി അപലപിക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. അതിനായി ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണം. പ്രസ്തുത മസ്ജിദുമായി ബന്ധപ്പെട്ട പ്രാർഥനകൾ മുടങ്ങാതിരിക്കാനും വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കാനും യൂപി സുന്നി വഖഫ്ബോർഡിനുള്ള ഉത്തരവാദിത്വം, അവർ നിറവേറ്റാൻ തയ്യാറാവണം.

പ്രദേശത്തെ ജനങ്ങൾ ഇത്തരം നടപടികളുടെ പേരിൽ ഭയപ്പെടുകയോ ആശങ്കാകുലരാവുകയോ ചെയ്യേണ്ടതില്ല; ഈ അതിക്രമങ്ങൾക്കെതിരേ ജനാധിപത്യപരമായ രീതിയിൽ പോരാടുകയും ശക്തമായ നിയമനടപടി സ്വീകരിക്കുകയും ചെയ്ത് ധൈര്യമായി മുന്നോട്ടു പോകണം. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ എല്ലായ്പ്പോഴും അടിച്ചമർത്തപ്പെടുന്നവരോടൊപ്പമുണ്ടാവും.

ആരാധനാ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഇത്തരം അതിക്രമങ്ങൾ സഹിക്കാവുന്നതിലുമപ്പുറമാണ്. ഇക്കാര്യത്തിൽ കോടതി അടിയന്തര നടപടി സ്വീകരിക്കുകയും തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ ഉടൻ പിരിച്ചുവിടുകയും ശിക്ഷ ഉറപ്പാക്കുകയും വേണം. സർക്കാർ അതേ സ്ഥലത്ത് പള്ളി പുനർനിർമിച്ച് അതിര് തിരിച്ച് സുരക്ഷിതമായ ചുറ്റുമതിൽ കെട്ടി മുസ്‌ലിംകൾക്ക് കൈമാറുകയും വേണം. അല്ലാത്തപക്ഷം ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ശക്തമായ ജനാധിപത്യ സമരങ്ങൾക്കു നേതൃത്വം നൽകുകയും നിയമപരമായി നേരിടുകയും ചെയ്യും.

വഖ്ഫ് സ്വത്തുക്കൾ, ഇസ്ലാമിക ട്രസ്റ്റുകൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച ഉത്തരവാദിത്തങ്ങൾ സഗൗരവം നിറവേറ്റാൻ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിനോട് അഭ്യർത്ഥിക്കുന്നു. ഇക്കാര്യത്തിൽ ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ മുസ്‌ലിം യുവാക്കളിൽ അവബോധം വളർത്തുകയും, സാധ്യമായ എല്ലാ നിയമ നടപടികളും സധൈര്യം സ്വീകരിക്കുകയും ചെയ്യുമെന്ന് മൗലാന പ്രസ്താവിച്ചു.