ജമ്മു കശ്മീരില്‍ സാധാരണനില പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി

ദേശീയതാല്‍പര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരില്‍ സാധാരണ ജീവിതസാഹചര്യം തിരിച്ചുവന്നുവെന്ന് ഉറപ്പുവരുത്താനായി എത്രയുംവേഗം എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ആവശ്യപ്പെട്ടത്.

Update: 2019-09-16 07:39 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണനില പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ദേശീയതാല്‍പര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരില്‍ സാധാരണ ജീവിതസാഹചര്യം തിരിച്ചുവന്നുവെന്ന് ഉറപ്പുവരുത്താനായി എത്രയുംവേഗം എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ആവശ്യപ്പെട്ടത്. കശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാഷിന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ് എ ബോബ്‌ഡെയും എസ് എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങള്‍. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത നടപടിയെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കശ്മീരില്‍ നിയന്ത്രണമേര്‍പ്പെടുത്തിയശേഷം ഒരു വെടിവയ്പ്പുപോലും നടന്നിട്ടില്ല.

ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. 93 പോലിസ് സ്‌റ്റേഷനുകളിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ലഡാക്കില്‍ യാതൊരു നിയന്ത്രണവുമില്ല. സംസ്ഥാനത്തൊട്ടാകെയുള്ള മെഡിക്കല്‍ ഷോപ്പുകള്‍, പൊതുവിതരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ആളുകള്‍ക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കോടതി കശ്മീര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കശ്മീര്‍ ആസ്ഥാനമായുള്ള എല്ലാ പത്രങ്ങളും പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ എല്ലാം സഹായങ്ങളും നല്‍കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

Tags:    

Similar News