പാകിസ്താനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്; എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മുംബൈയില്‍ അറസ്റ്റില്‍

Update: 2025-05-10 08:43 GMT

മുംബൈ: ഇന്ത്യാ-പാക് സംഘര്‍ഷത്തിനിടെ ഇന്‍സ്റ്റഗ്രാമില്‍ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റില്‍. 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് കമന്റിട്ട 19കാരിയായ വിദ്യാര്‍ഥിനിയെ മഹാരാഷ്ട്രയിലെ പുനെയില്‍ വച്ചാണ് കോന്‍ധ്വ പോലിസ് അറസ്റ്റ് ചെയ്തത്. കോന്‍ധ്വയിലെ കൗസര്‍ബാഗ് സ്വദേശിനിയായ ഖദീജാ ഷെയ്ഖ് എന്ന പെണ്‍കുട്ടിയാണ് അറസ്റ്റിലായത്. എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡപ്യൂട്ടി പോലിസ് കമ്മീഷ്ണര്‍ രാജ്കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന നടപടി, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങളുന്നയിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാനുദ്ദേശിച്ചുള്ള പ്രവൃത്തിയിലേര്‍പ്പെടല്‍, തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ കുട്ടിക്കെതിരേ ചുമത്തിയിരിക്കുന്നത്.