ഹൈദരാബാദ്: വിവാഹം ഉറപ്പിച്ചതിനാല്‍ ആദ്യ പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറിയ യുവതിക്ക് നേരെ കൊലപാതക ശ്രമവും ആസിഡ് ആക്രമണവും. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ഗൗതമിയെയാണ് ആക്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഗണേഷിനായി പോലിസ് അന്വേഷണം ആരംഭിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം കാദിരി റോഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു ഗൗതമി.
ഏപ്രില്‍ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഗൗതമി. എന്നാല്‍ ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്തിരുന്നതായി അണ്ണാമയാ ജില്ലാ പോലിസ് സൂപ്രണ്ട് ബി കൃഷ്ണ റാവു വ്യക്തമാക്കി. പിന്നീട് ഗൗതമിയെ കൊല്ലാന്‍ പ്രതി വ്യക്തമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇത് അനുസരിച്ച് ഇന്ന് പ്രതി ഗൗതമിയുടെ വീട്ടിലെത്തി. ഗൗതമിയെ കണ്ടയുടന്‍ തന്നെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗൗതമിയെ മികച്ച ചികില്‍സയ്ക്കായി ബെംഗ്ലുരൂവിലേക്ക് മാറ്റി.