ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകം; സിഗ്മ സംഘത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു

Update: 2025-10-23 06:08 GMT

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഹാറിലെ കുപ്രസിദ്ധ സിഗ്മ സംഘത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹി, ബിഹാര്‍ പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കുറ്റവാളികള്‍ വെടിയേറ്റ് മരിച്ചത്. ഇന്ന് (ഒക്ടോബര്‍ 23) പുലര്‍ച്ചെ ഡല്‍ഹിയിലെ രോഹിണിയില്‍ വച്ചായിരുന്നു സംഭവം.

രഞ്ജന്‍ പഥക് (25), ബിംലേഷ് മഹ്‌തോ (25), മനീഷ് പഥക് (33), അമന്‍ താക്കൂര്‍ (21) എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ നിരവധി കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി വലിയ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ അപ്രതീക്ഷിതമായാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പരിക്കേറ്റവരെ പോലിസ് രോഹിണിയിലെ ഡോ.ബിഎസ്എ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചൂവെന്ന് പോലിസ് പറഞ്ഞു. ബിഹാറില്‍ നടന്ന നിരവധി കൊലപാതക, കവര്‍ച്ച കേസുകളിലെ പ്രതികളാണിവര്‍. കൂടാതെ ബ്രഹ്‌മശ്രീ സേന ജില്ലാ തലവന്‍ ഗണേഷ് ശര്‍മ്മ, മദന്‍ ശര്‍മ്മ, ആദിത്യ സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലും ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



സെമി ഓട്ടോമാറ്റിക് സിഗാന പിസ്റ്റള്‍ ഉള്‍പ്പെടെ നിരവധി അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും പോലിസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ഏറ്റുമുട്ടല്‍ ഏകദേശം 15 മിനിറ്റ് നേരം നീണ്ടുനിന്നുവെന്നും വെടിവയ്പ്പില്‍ ഏതാനും പോലിസുകാര്‍ക്ക് പരിക്കേറ്റൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.





Tags: