തമിഴ്നാട് ചീഫ് സെക്രട്ടറിയെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ബിജെപിയുടെ ആയുധമായി കമ്മീഷന്‍ മാറിയെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍
ചെന്നൈ: തിരഞ്ഞെടുപ്പിനിടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചുകൊണ്ട് ചീഫ് സെക്രട്ടറി എന്‍ മുരുഗാനന്ദത്തെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. എം സായ്കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് കമ്മീഷന്‍ നടപടി. ചീഫ് സെക്രട്ടറിയെ കൂടാതെ വിജിലന്‍സ് മേധാവിയെയും കമ്മീഷന്‍ മാറ്റിയിട്ടുണ്ട്. ഡി എം കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വൈകുന്നേരം ആറിനുള്ളില്‍ ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിജിലന്‍സ് മേധാവിയായി പുതുതായെത്തുന്നത്, എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചത്. കമ്മീഷന്‍ ബി ജെ പിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച സ്റ്റാലിന്‍, ബി ജെ പിക്കുള്ള മറുപടി ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ നല്‍കുമെന്നും വ്യക്തമാക്കി. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട സംവിധാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
