റിയല്‍ എസ്‌റ്റേറ്റ് ലോബിക്ക് വേണ്ടി അതിഥി തൊഴിലാളികള്‍ക്കായുള്ള ട്രെയിനുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണം: എളമരം കരീം

മടങ്ങാന്‍ താല്‍പര്യമുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും മടങ്ങാനും നിലവിലുള്ള സ്ഥലങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്.

Update: 2020-05-07 11:21 GMT

ന്യൂഡല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതിഥി തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എംപി പ്രധാനമന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും കത്തുനല്‍കി. അടുത്ത അഞ്ചുദുവസങ്ങളിലായി ഓടേണ്ട പത്തോളം ശ്രമിക് സ്‌പെഷ്യല്‍ തീവണ്ടികളാണ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയത്.

തൊഴിലാളികള്‍ നാടുകളിലേക്ക് തിരിച്ചുപോയാല്‍ സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും എന്ന റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ വാദമാണ് ഈ തീരുമാനത്തിന് പിന്നില്‍. കര്‍ണാടക മുഖ്യമന്ത്രിയും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ സംഘടനയായ CREDAI പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായത്.

അതിഥി തൊഴിലാളികളുമായോ ബന്ധപ്പെട്ട ട്രേഡ് യൂനിയനുകളുമായോ ഒരു കൂടിയാലോചനയും കര്‍ണാടക സര്‍ക്കാര്‍ നടത്തിയില്ല. രാജ്യത്താകമാനം കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളാകെ നടത്തുന്ന യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ് ഈ തീരുമാനം. മടങ്ങാന്‍ താല്‍പര്യമുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും മടങ്ങാനും നിലവിലുള്ള സ്ഥലങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്. രാജ്യത്തെ തൊഴിലാളി വര്‍ഗത്തിന്റെ മുഴുവന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കര്‍ണാടക സര്‍ക്കാരിന്റെ ഈ നടപടി പിന്‍വലിക്കണമെന്നും റദ്ദാക്കിയ ട്രെയിനുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News