ഹേമന്ത് സോറന്റെ വീട്ടില്‍ നിന്ന് 36 ലക്ഷം രൂപയും ബിഎംഡബ്ല്യുവും പിടിച്ചെടുത്തതായി ഇഡി

Update: 2024-01-30 11:41 GMT

ഡല്‍ഹി: ഭൂമി കുഭകോണ കേസില്‍ ആരോപണ വിധേയനായ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും 36 ലക്ഷം രൂപയും ഒരു എസ്യുവിയും ചില പ്രധാനപ്പെട്ട രേഖകളും പിടിച്ചെടുത്തതായി ഇ ഡി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇ ഡി പുറത്തുവിട്ടിരിക്കുന്നത്. അതേ സമയം സോറനെ കാണാതായെന്ന് ബി.ജെ.പി അവകാശപ്പെടുന്നതിനിടയില്‍ മുഖ്യമന്ത്രി തന്റെ വസതിയില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. നേരത്തെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം രാജിവെക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഭൂമി തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് സോറനെ ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച ഇഡി സംഘം സൗത്ത് ഡല്‍ഹിയിലെ വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ സോറന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല, ഉദ്യോഗസ്ഥര്‍ ഏകദേശം 13 മണിക്കൂറോളം അവിടെ ക്യാമ്പ് ചെയ്തു. സോറന്‍ മടങ്ങിവരുന്നതുവരെ ഇഡി സംഘങ്ങള്‍ വസതിയിലുണ്ടാകുമെന്നും ഡല്‍ഹി വിമാനത്താവളത്തിലും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

36 ലക്ഷം രൂപയോളം പണവും ബിനാമി പേരില്‍ രജിസ്റ്റര്‍ ചെയ്ത ഹരിയാന നമ്പര്‍ പ്ലേറ്റുള്ള ബിഎംഡബ്ല്യു കാറും കുറ്റകരമായ ചില രേഖകളും ഇഡി സംഘം പകല്‍ മുഴുവന്‍ നീണ്ട ഓപ്പറേഷനില്‍ പിടിച്ചെടുത്തതായാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റാഞ്ചിയിലെ വസതിയില്‍ വെച്ച് തങ്ങള്‍ക്ക് മുമ്പാകെ മൊഴിയെടുക്കാന്‍ തയ്യാറാണെന്ന് സോറന്‍ ഇഡിയെ അറിയിച്ചിട്ടുണ്ട്. ജനുവരി 29 ന് അല്ലെങ്കില്‍ ജനുവരി 31 ന് ചോദ്യം ചെയ്യലിന് സോറന്റെ ലഭ്യത സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ട് ഇഡി പുതിയ സമന്‍സ് അയച്ചതായി വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

''നൂറുകണക്കിന് സായുധ സൈനികരുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇഡി സ്വയമേവ എത്തുന്നത് നിയമപരമാണെന്ന് തോന്നുന്നില്ല. ചോദ്യം ചെയ്യലിന് രണ്ട് ദിവസം പോലും കാത്തിരിക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല, അതും ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ഒരാഴ്ച മുമ്പ് നടന്നപ്പോള്‍ എന്താണ് ഇത്ര തിടുക്കം? ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.