കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാവണം

Update: 2025-08-22 05:41 GMT

ബെംഗളൂരു: കര്‍ണാടകയിലെ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണയ്ക്ക് ഇഡി നോട്ടീസ്. സതീഷ് കൃഷ്ണ സെയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഓഗസ്റ്റ് 13ന് എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇഡി പണവും സ്വര്‍ണവും പിടിച്ചെടുത്തതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുമ്പയിര് കയ്യറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി മലയാളികള്‍ക്ക് പരിചിതനായ എംഎല്‍എയാണ് സതീഷ് കെ സെയില്‍. നേരത്തെ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു. 2024 ഒക്ടോബര്‍ 26നാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമുള്ള കര്‍ണാടക പ്രത്യേക കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തി. വിധിക്കെതിരെ എംഎല്‍എ ഹൈക്കോടതിയില്‍ ഹരജി നല്‍കി. 2024 നവംബറില്‍ നടന്ന വാദം കേള്‍ക്കലില്‍, ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് എംഎല്‍എയുടെ ശിക്ഷാവിധി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ജാമ്യം അനുവദിച്ച് പിഴത്തുകയുടെ 25 ശതമാനം കെട്ടിവെക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

2010-ലാണ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്, പിന്നീട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആറ് എഫ്‌ഐആറുകളിലും എംഎല്‍എയെ കുറ്റക്കാരനാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2009 - 10 കാലത്ത് കര്‍ണാടകയില്‍ നടന്ന അനധികൃത ഖനനവും ഇരുമ്പയിര് കടത്തും സംബന്ധിച്ച് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സെയ്ലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാര്‍ജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എട്ട് മാസത്തിനുള്ളില്‍ 7.23 ലക്ഷം ടണ്‍ ഇരുമ്പയിര് ബേലിക്കേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്‌തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.






Tags: