മദ്യനയ അഴിമതി കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി ; ഭൂപേഷ് ബാഗലിന്റെ മകന്‍ അറസ്റ്റില്‍

Update: 2025-07-18 12:24 GMT

റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്‍ഫ് ഡയറക്ടറേറ്റ് (ഇഡി). ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായി കൂടിയായ ചൈതന്യ ബാഗലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗലിന്റെ വസതിയില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ചൈതന്യയുടെ അറസ്റ്റ്.

ഛത്തീസ്ഗഢില്‍ ഭൂപേഷ് ഭാഗല്‍ നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മദ്യ നയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തില്‍ സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോ നേരത്തെ കേസ് എടുത്തിരുന്നു. മുന്‍ എക്‌സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ 70 പേരെ പ്രതിചേര്‍ത്തായിരുന്നു കേസ്. മദ്യനയ അഴിമതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് 2161 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലപാട്. അഴിമതിയിലൂടെ സ്വന്തമാക്കിയ പണം കടലാസുകമ്പനികളിലൂടെ ചൈതന്യയും കൂട്ടാളികളും വെളുപ്പിച്ചെന്നാണ് ഇഡി കേസ്.

മുന്‍ മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നടപടി ഇതിനോടകം രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നിശ്ശബ്ദമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്ന് ഭൂപേഷ് ബാഗല്‍ പ്രതികരിച്ചു. സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തില്‍ അദാനി വിഷയം ഉന്നയിക്കാനിരിക്കെയാണ് ഇ ഡി നടപടി. മോദിയും അമിത്ഷായുടെ ഇഡിയെ തന്റെ വീട്ടിലേക്ക് അയച്ചതിലൂടെ തങ്ങളുടെ ബോസിനെ സന്തോഷിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും ബാഗേല്‍ പ്രതികരിച്ചു.