സാമ്പത്തിക ദുരുപയോഗം: പോപുലര്‍ ഫ്രണ്ടിനെതിരായ ആരോപണങ്ങളും വസ്തുതകളും
നിക്ഷിപ്ത താല്‍പ്പര്യക്കാരായ വിവിധ വിഭാഗങ്ങള്‍ എക്കാലത്തും സംഘടനയ്‌ക്കെതിരേ, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങളോടെ അത് നിലയ്ക്കാനും പോവുന്നില്ല. എന്നാല്‍, സര്‍ക്കാരിനോ അന്വേഷണ ഏജന്‍സികള്‍ക്കോ ഇത്തരം ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നീതിക്കായുള്ള സംഘടനയുടെ പോരാട്ടം തുടരുന്ന കാലത്തോളം ഇക്കൂട്ടര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നുകൊണ്ടിരിക്കും.
സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള പുതിയ നീക്കം
ന്യൂഡല്‍ഹി: സാമ്പത്തിക ദുരുപയോഗം സംബന്ധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള പുതിയ നീക്കത്തിന്റെ ഭാഗമാണെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തങ്ങളുടെ വാലാട്ടികളായ ഒരുപറ്റം മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍, പുതിയ ബ്രേക്കിങ് ന്യൂസ് കാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനും നേതാക്കളെ വ്യക്തിഹത്യ നടത്താനും ഏറ്റവും ഫലപ്രദമായ ആയുധമെന്ന നിലയ്ക്ക് ഉപയോഗപ്പെടുത്താനാവും എന്നതുകൊണ്ടാണ് സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തി ഇത്തവണ രംഗത്തുവന്നിരിക്കുന്നത്.
വിദേശ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളും സംഘടനയ്‌ക്കെതിരേ ഉന്നയിച്ചിട്ടുണ്ട്. അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ വിവിധ തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ തുടര്‍ച്ചയായി അവയെക്കുറിച്ച് തെളിവ് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട്, കേന്ദ്രസര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നു. ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും ഗൂഢപദ്ധതികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ഉറച്ചനിലപാട് സ്വീകരിക്കുകയും ചെയ്യുന്ന പോപുലര്‍ ഫ്രണ്ടിനെതിരായ രാഷ്ട്രീയപകപോക്കലാണിത്. രാജ്യത്തെ സത്യസന്ധരും വിവേകമതികളുമായ എല്ലാ വ്യക്തികളും പ്രസ്ഥാനങ്ങളും ഇത് മനസ്സിലാക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
രാജ്യത്തുടനീളം ദിനംപ്രതി ശക്തിപ്പെട്ടുവരുന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കുവേണ്ടി പണം ചെലവഴിച്ചുവെന്നതാണ് സംഘടനക്കെതിരായ പുതിയ ആരോപണം. സത്യത്തില്‍, ഒരു മുസ്‌ലിം സംഘടനയെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദപ്രസ്ഥാനമായി ചിത്രീകരിച്ചുകൊണ്ട്, ശക്തമായ സിഎഎ വിരുദ്ധ പോരാട്ടങ്ങളെ പരാജയപ്പെടുത്താനായില്ലെങ്കിലും പ്രക്ഷോഭങ്ങളില്‍ നിന്നും ജനശ്രദ്ധതിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീചനീക്കമാണിത്. നിക്ഷിപ്ത താല്‍പ്പര്യക്കാരായ വിവിധ വിഭാഗങ്ങള്‍ എക്കാലത്തും സംഘടനയ്‌ക്കെതിരേ, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങളോടെ അത് നിലയ്ക്കാനും പോവുന്നില്ല. എന്നാല്‍, സര്‍ക്കാരിനോ അന്വേഷണ ഏജന്‍സികള്‍ക്കോ ഇത്തരം ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നീതിക്കായുള്ള സംഘടനയുടെ പോരാട്ടം തുടരുന്ന കാലത്തോളം ഇക്കൂട്ടര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നുകൊണ്ടിരിക്കും.
പൗരത്വ നിയമഭേദഗതിക്കെതിരേ, സംഘപരിവാരം ഒഴികെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളായി തെരുവിലിറങ്ങിയതോടെ ജനവിരുദ്ധമായ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ അനായാസം നടപ്പാക്കാമെന്ന ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തകര്‍ന്നിരിക്കുകയാണ്. ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല, മറിച്ച് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഈ നിയമം നടപ്പാക്കിയതുമൂലമുള്ള മാനക്കേടില്‍നിന്ന് മുഖം രക്ഷിക്കാനുള്ള വ്യര്‍ഥമായ ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അതുകൊണ്ടുതന്നെ, ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരേ എക്കാലത്തും ഉറച്ചനിലപാട് സ്വീകരിക്കുന്ന പോപുലര്‍ ഫ്രണ്ടിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ തങ്ങളുടെ ആവനാഴിയിലെ അവസാനത്തെ ആയുധം അവര്‍ പുറത്തെടുത്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും അക്രമം അഴിച്ചുവിട്ടുവെന്നും രാജ്യത്തെമ്പാടുമുള്ള പ്രതിഷേധക്കാരെ സാമ്പത്തികമായി സഹായിച്ചുവെന്നുമാണ് ആരോപണം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അനുഭാവികളും അടക്കമുള്ള നിരപരാധികളായ മുസ്‌ലിംകളെ പ്രത്യേകം ലക്ഷ്യംവയ്ക്കുകയും വാലാട്ടി മാധ്യമങ്ങള്‍ മാധ്യമവിചാരണ നടത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയതോതിലുള്ള കുപ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന്റെ കാര്യത്തില്‍ അധികാരികള്‍ സ്വീകരിച്ചിട്ടുള്ള വഞ്ചനാപരമായ നീക്കങ്ങളില്‍നിന്നുതന്നെ ബിജെപി സര്‍ക്കാരിന്റെ ദുരുദ്ദേശം വ്യക്തമാണ്. നിരവധി ബാങ്കുകളില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായും പിന്‍വലിച്ചതായുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപോര്‍ട്ടുകളില്‍ പറയുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് യുപിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഒരുമാസത്തിനിടയില്‍ മാത്രം 120 കോടി രൂപ ചെലവഴിച്ചുവെന്ന ആരോപണത്തോടെയാണ് അപവാദപ്രചാരണം തുടങ്ങിയത്. പിന്നീട് പണം ചെലവഴിച്ചത് പ്രക്ഷോഭങ്ങള്‍ക്കാണെന്ന നിലയിലേക്ക് ആരോപണങ്ങള്‍ ചുരുങ്ങി. മേല്‍പ്പറഞ്ഞ വരുമാനവും പിന്‍വലിക്കലും പലവര്‍ഷങ്ങളിലായി പരന്നുകിടക്കുന്നുവെന്ന മറ്റൊരു പ്രചാരണവുമുണ്ടായി. യുപിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കായി കഴിഞ്ഞ ഒരുമാസക്കാലം 1.04 കോടി രൂപയുടെ ഇടപാട് മാത്രം നടത്തിയെന്നാണ് പുതിയ കണ്ടെത്തല്‍. ധാര്‍മികതയുടെ ഒരംശം പോലും പാലിക്കാതെയും യാതൊരു മനസ്സാക്ഷിക്കുത്തില്ലാതെയുമാണ് നെറികെട്ട ഒരുവിഭാഗം മാധ്യമങ്ങള്‍ ഒരു സംഘടനയെ വേട്ടയാടാന്‍ വേണ്ടി ഇത്തരത്തില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പടച്ചുവിടുന്നത്. സത്യത്തില്‍, ഇക്കൂട്ടര്‍ അനധികൃതമായി പങ്കുപറ്റുന്ന വ്യക്തിഗത, കോര്‍പറേറ്റ് അനൂകൂല്യങ്ങള്‍ക്കുള്ള നന്ദിസൂചകമായി തങ്ങളുടെ രാഷ്ട്രീയമേലാളന്‍മാര്‍ ലഭ്യമാക്കുന്ന കാര്യങ്ങള്‍ അതേപടി പകര്‍ത്തുകയാണ്.
ഇഡിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപോര്‍ട്ടുകള്‍, ഗ്രാമീണ വികസനമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എന്‍ജിഒയെ യാതൊരു തെളിവുകളുമില്ലാതെ പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കിടയിലേക്ക് വലിച്ചിഴയ്ക്കുകയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രമുഖ സുപ്രിംകോടതി അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, ഇന്ദിരാ ജയ്‌സിങ് എന്നിവര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍നിന്നു പണം സ്വീകരിച്ചുവെന്ന ആരോപണവുമുന്നയിച്ചു. പോപുലര്‍ ഫ്രണ്ടിനെയും ഒപ്പം മറ്റ് സംഘടനകളെയും വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് കെട്ടിച്ചമച്ച ഇത്തരം എല്ലാ ആരോപണങ്ങളെയും സംഘടന അസന്നിഗ്ദമായി തള്ളിക്കളയുകയാണ്.
ആരോപണങ്ങളും വസ്തുതകളും
ആരോപണം: സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പോപുലര്‍ ഫ്രണ്ടാണ്. കലാപം സൃഷ്ടിക്കാന്‍ 120 കോടി രൂപ ചെലവഴിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.
വസ്തുത: രാജ്യത്ത് നടക്കുന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പിന്നിലല്ല, മറിച്ച് സംഘടനയുടെ സാന്നിധ്യമുള്ള മുഴുവന്‍ സ്ഥലങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളില്‍ സജീവപങ്കാളികളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും അസമിലും കര്‍ണാടകയിലും മാത്രമാണ് അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മേല്‍പ്പറഞ്ഞ എല്ലാ കുറ്റകൃത്യങ്ങളും നടത്തിയത് പോലിസും പോലിസ് യൂനിഫോമണിഞ്ഞ ആര്‍എസ്എസ് ക്രിമിനലുകളുമാണെന്ന് മാധ്യമങ്ങള്‍ തെളിവുസഹിതം പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരോ അനുഭാവികളോ ഒരിടത്തും അക്രമസംഭവങ്ങളില്‍ ഭാഗവാക്കായിട്ടില്ല. ഒരിടത്തും പ്രക്ഷോഭകര്‍ക്ക് ഒരുതരത്തിലുള്ള സാമ്പത്തിക സഹായം നല്‍കിയിട്ടുമില്ല. ഇനി, 'അന്വേഷകര്‍' അവരുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ ഹാജരാക്കട്ടെ.
ആരോപണം: ഉത്തര്‍പ്രദേശില്‍ പോലിസ് പോപുലര്‍ ഫ്രണ്ടിനെതിരേ തെളിവ് കണ്ടെത്തി
വസ്തുത: ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കുന്നതില്‍ പോലിസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചു.
ആരോപണം: പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ 27 ഉം റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പേരില്‍ 9 ഉം ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിനു പുറമേ, 17 വ്യത്യസ്ത വ്യക്തികളുടെയും സംഘടനകളുടെയും പേരിലായി 37 ബാങ്ക് അക്കൗണ്ടുകളുണ്ട്.
വസ്തുത: വിവിധ സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ടിന് 20 ബാങ്ക് അക്കൗണ്ടുകള്‍ മാത്രമാണ് രാജ്യമെമ്പാടുമുള്ളത്. അഖിലേന്ത്യതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്ക് ഇത്രയും ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട് എന്നത് ഒരു കുറ്റകൃത്യമാവുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇതിനുപുറമേ സംഘടനയ്ക്ക് വേറെ എവിടെയും അക്കൗണ്ടുകളില്ല. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഒരു സ്വതന്ത്ര എന്‍ജിഒ ആണ്.
ആരോപണം: 73 അക്കൗണ്ടുകളിലെ 120 കോടിയെക്കുറിച്ചും നാമമാത്രമായ തുക മാത്രം അവശേഷിപ്പിച്ച് ബാക്കി തുക പിന്‍വലിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നു.
വസ്തുത: ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവ് കൊണ്ടുവരാന്‍ സംഘടന വെല്ലുവിളിക്കുന്നു.
ആരോപണം: ഡിസംബര്‍ 4 മുതല്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള അക്കൗണ്ടുകളിലേക്ക് കോടികള്‍ ഒഴുകിയെത്താന്‍ തുടങ്ങി.
വസ്തുത: 2019 ഡിസംബര്‍ 4 മുതല്‍ 2020 ജനുവരി 20 വരെ പോപുലര്‍ ഫ്രണ്ടിന് അക്കൗണ്ടുകളുള്ള മുഴുവന്‍ ബ്രാഞ്ചുകളിലുമായി നിക്ഷേപിച്ചിട്ടുള്ള തുക 60 ലക്ഷം രൂപയാണ്.
ആരോപണം: തുക നിക്ഷേപിച്ചവരോട് ഒരോ തവണയും 50,000 രൂപയില്‍ കുറഞ്ഞ തുക നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കി.
വസ്തുത: താഴെക്കിടയില്‍തന്നെ ചെലവഴിക്കുന്ന പ്രവര്‍ത്തകരുടെ പ്രതിമാസ വരിസംഖ്യയും വര്‍ഷത്തിലൊരിക്കല്‍ പൊതുജനങ്ങളില്‍ നിന്നു ശേഖരിക്കുന്ന പ്രവര്‍ത്തനഫണ്ടും സംഭാവനകളുമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രധാന വരുമാനമാര്‍ഗങ്ങള്‍. രസീത് നല്‍കിക്കൊണ്ടാണ് ഫണ്ട് സ്വീകരിക്കുന്നത്. ചില ആളുകള്‍ വാഗ്ദാനം ചെയ്യുന്ന തുക ഉടന്‍ നല്‍കാറില്ല. പീന്നീട് ഇവ വിവിധ ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വിദേശഫണ്ട് സ്വീകരിക്കില്ലെന്നത് സംഘടനയുടെ പ്രഖ്യാപിത നയമാണ്. അത് വീഴ്ചകൂടാതെ വിജയകരമായി നടപ്പാക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. 50,000 രൂപ മുതല്‍ മുകളിലോട്ടുള്ള തുക പാന്‍കാര്‍ഡ് ഇല്ലാതെ നിക്ഷേപിക്കാനാവില്ലെന്ന നിയന്ത്രണം പോപുലര്‍ ഫ്രണ്ടിന്റേതല്ല, മറിച്ച് അത് ബാങ്കുകളുടെ ഉപാധിയാണ്.
ആരോപണം: ഡിസംബര്‍ നാലിനും ജനുവരി ആറിനും ഇടയില്‍ 2,000 രൂപ മുതല്‍ 5,000 രൂപവരെയുള്ള 1.34 കോടി രൂപയുടെ ചെറിയ തുകകള്‍ നിരവധി തവണകളിലായി പിന്‍വലിച്ചു.
വസ്തുത: 2019 ഡിസംബര്‍ ഒന്നുമുതല്‍ 2020 ജനുവരി 20 വരെ പോപുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളില്‍നിന്നു പിന്‍വലിച്ച തുക 97.6 ലക്ഷം രൂപയാണ്. 2,000 മുതല്‍ 5,000 രൂപവരെയുള്ള തുകകള്‍ പിന്‍വലിച്ചിട്ടുള്ളത് പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നല്‍കിയ സ്‌കോളര്‍ഷിപ്പ് തുകയാണ്.
ആരോപണം: ക്യാഷ് ഡിപ്പോസിറ്റ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങിയ ഏതെങ്കിലും രീതിയിലാണ് ഈ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയിരിക്കുന്നത്. മിനിമം ബാലന്‍സ് ഒഴികെയുള്ള മുഴുവന്‍ തുകയും അതേ ദിവസമോ, അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ഈ അക്കൗണ്ടുകളില്‍നിന്നും പിന്‍വലിച്ചു.
വസ്തുത: സാധാരണനിലയില്‍ ക്യാഷ്/ചെക്ക് രൂപത്തിലോ, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് രീതിയില്‍ ട്രാന്‍സ്ഫര്‍ ചെയ്‌തോ ആണ് ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത്. ഇത് ഒരു കുറ്റകൃത്യമല്ല. ബാങ്കിലേക്ക് പണം അടയ്്ക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളാണിവ. പോപുലര്‍ ഫ്രണ്ടിന് സ്ഥിരനിക്ഷേപ അക്കൗണ്ടില്ല. മറിച്ച് തുടര്‍ച്ചയായി പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും അനുമതിയുള്ള കറണ്ട് അക്കൗണ്ടാണുള്ളത്. പണം ലഭ്യമാവുന്ന അവസരങ്ങളില്‍ നിക്ഷേപിക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്് പണം ആവശ്യമുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംഘടനയെന്ന നിലയില്‍ ആവശ്യമുള്ള സമയങ്ങളില്‍ പിന്‍വലിക്കുകയും ചെയ്യും.
ആരോപണം: 1.04 കോടി രൂപ പശ്ചിമ യുപിയില്‍ ചെലവഴിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത: ഉത്തര്‍പ്രദേശില്‍ പോപുലര്‍ ഫ്രണ്ടിന് ബാങ്ക് അക്കൗണ്ടുകള്‍ ഇല്ല.
ആരോപണം: കപില്‍ സിബലിന് 77 ലക്ഷം രൂപയും ഇന്ദിരാ ജയ്‌സിങ്ങിന് 4 ലക്ഷം രൂപയും ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷം രൂപയും നല്‍കി.
വസ്തുത: ശരിയാണ്. ഹാദിയ കേസില്‍ സുപ്രിംകോടതിയില്‍ ഹാജരായതിന് അഭിഭാഷക ഫീസിനത്തില്‍ പോപുലര്‍ ഫ്രണ്ട് ഈ അഭിഭാഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് സിഎഎയുമായി ബന്ധപ്പെട്ട കേസിനല്ല. 2017-18ലാണ് ഈ തുക നല്‍കിയിട്ടുള്ളത്. ഈ കേസ് നടത്തിപ്പിന്റെ വരവ് ചെലവ് കണക്കുകള്‍ പോപുലര്‍ ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റി അന്ന് തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
ആരോപണം: കശ്മീര്‍ പിഎഫ്‌ഐയ്ക്ക് 1.65 കോടിയും ന്യൂജ്യോതി ഗ്രൂപ്പിന് 1.17 കോടിയും അബ്ദുല്‍ സമദിന് 3.10 ലക്ഷവും നല്‍കി
വസ്തുത: ജമ്മു കശ്മീരില്‍ പോപുലര്‍ ഫ്രണ്ടിന് യൂനിറ്റുകളില്ല. 2014-15 ല്‍ കശ്മീരിലെ പ്രളയക്കെടുതിയ്ക്കിരയായ കുടുംബങ്ങള്‍ക്ക് വീടുനിര്‍മിക്കുന്നതിനും മറ്റ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുമായി, 1.65 കോടിയല്ല, 2.25 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഒരു സ്‌കൂള്‍ ബാഗ് നിര്‍മാതാക്കളാണ് ന്യൂജ്യോതി ഗ്രൂപ്പ്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് നല്‍കുന്ന പോപുലര്‍ ഫ്രണ്ടിന്റെ വാര്‍ഷിക സ്‌കൂള്‍ ചലോ പരിപാടിക്ക് അവര്‍ സ്‌കൂള്‍ ബാഗുകള്‍ നല്‍കിയിട്ടുണ്ട്. ആരോപിക്കപ്പെടുന്ന 1.17 കോടി രൂപയേക്കാള്‍ കൂടുതല്‍ തുകയാണ് ന്യൂ ജ്യോതി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്. ഇത് ഒരുവര്‍ഷം നല്‍കിയതുമല്ല. അബ്ദുല്‍ സമദ് ഒരു നിര്‍മാണകരാറുകാരനാണ്. പ്രളയക്കെടുതിയ്ക്കിരയായവരെ പുനരധിവസിപ്പിക്കാന്‍ വീടുവച്ചുനല്‍കിയതിനുള്ള തുകയാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
രാജ്യത്ത് ജനാധിപത്യപരമായും സാമാധാനപരമായും നടക്കുന്ന പ്രതിഷേധങ്ങളിലെ പങ്കാളിത്തമോ പിന്തുണയോ അല്ലാതെ, പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന് യാതൊരു പങ്കുമില്ലെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. നിഷ്പക്ഷമായ ഏതൊരു അന്വേഷണത്തിനും ഇത് തെളിയിക്കാനാവും. എന്നാല്‍, വര്‍ഗീയ ശക്തികള്‍ നിയന്ത്രിക്കുന്ന ബിജെപി ഭരണത്തില്‍ ഇതിന് വിദൂരസാധ്യത മാത്രമാണുള്ളത്. മുസ്‌ലിംകളടക്കം, സമൂഹത്തിലെ പിന്നാക്കക്കാരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിലൂടെ എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശം ലഭ്യമാവുന്ന ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഉത്തരവാദപ്പെട്ട ഒരു സംഘടനയെന്ന നിലയില്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തുടക്കം മുതല്‍ സാമ്പത്തിക ഇടപാടുകളടക്കം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാണ്.
ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ ഞങ്ങള്‍ക്കു മേല്‍ അന്യായമായി അടിച്ചേല്‍പ്പിച്ച എല്ലാ പ്രതിസന്ധികളെയും ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമാണ് പോപുലര്‍ ഫ്രണ്ടിനുള്ളത്. പൗരന്‍മാര്‍ക്ക് ലഭ്യമായ ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെയാണ് അവ നേരിട്ടത്. നിലവിലെ ഭീഷണികളെയും അതേരൂപത്തില്‍ സംഘടന മറികടക്കും. രാജ്യത്തെ ജനങ്ങളിലും നമ്മുടെ ഭരണഘടനയിലും അതുയര്‍ത്തിപ്പിടിക്കുന്ന മതേതര, ജനാധിപത്യ ആശയങ്ങളിലും ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമാണുള്ളത്. അതുകൊണ്ടുതന്നെ അത്യന്തികമായി തിന്‍മയുടെ ശക്തികള്‍ തകരുകയും സത്യം വിജയിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

