നിയമസഭാ തിരഞ്ഞെടുപ്പ്: റാലികൾക്കും റോഡ്‌ഷോകൾക്കുമുള്ള വിലക്ക് നീട്ടി
തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 1,000 പേർക്കോ അല്ലെങ്കിൽ ഗ്രൗണ്ടിന്റെ ശേഷിയുടെ 50 ശതമാനം പേർക്കോ പങ്കെടുക്കാം.
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ റാലികൾക്കും റോഡ്‌ഷോകൾക്കുമുള്ള നിരോധനം തിരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരി 11 വരെ നീട്ടി. ഒപ്പം യോഗങ്ങളിലും പ്രചാരണങ്ങളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ ഇളവ് നൽകി.
തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 1,000 പേർക്കോ അല്ലെങ്കിൽ ഗ്രൗണ്ടിന്റെ ശേഷിയുടെ 50 ശതമാനം പേർക്കോ പങ്കെടുക്കാം. നേരത്തെ ഇത് 500 പേർക്കെന്നായിരുന്നു പരമാവധി പരിധി. ഫെബ്രുവരി ഒന്ന് മുതൽ ഈ ഇളവ് പ്രാബല്യത്തിൽ വരും.
"കമ്മീഷൻ വീടുതോറുമുള്ള പ്രചാരണങ്ങളുടെ പരിധിയും വർധിപ്പിച്ചിട്ടുണ്ട്. 10 പേർക്ക് പകരം ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴികെ 20 പേരെ വീടുവീടാന്തരം പ്രചാരണത്തിന് അനുവദിക്കും. വീടുവീടാന്തരം പ്രചാരണം സംബന്ധിച്ച മറ്റ് നിർദേശങ്ങൾ തുടരും. പരമാവധി 500 ആളുകളെ (നിലവിലുള്ള 300 ആളുകൾക്ക് പകരം) അല്ലെങ്കിൽ ഹാളിന്റെ ശേഷിയുടെ 50 ശതമാനം പേരെ ഉൾപ്പെടുത്തി ഹാളുകളിൽ യോഗം അനുവദിക്കും," കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ആരോഗ്യ മന്ത്രാലയം, ചീഫ് സെക്രട്ടറിമാർ, ആരോഗ്യ സെക്രട്ടറിമാർ, ചീഫ് ഇലക്ടറൽ ഓഫീസർമാർ എന്നിവരുമായി കമ്മീഷൻ തിങ്കളാഴ്ച വെർച്വൽ മീറ്റിങ്ങുകൾ നടത്തിയിരുന്നു.