ലഹരിക്കേസ്; തമിഴ് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

Update: 2025-06-23 15:01 GMT

ചെന്നൈ: ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. നടനെ തിങ്കളാഴ്ച രാവിലെ ചെന്നൈ പോലിസിന്റെ ആന്റിനര്‍ക്കോട്ടിസ് ഇന്റലിജന്‍സ് വിഭാഗം (എഎന്‍ഐയു) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ മാസം അറസ്റ്റിലായ അണ്ണാഡിഎംകെ മുന്‍ നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. നുങ്കംപാക്കത്തെ ഒരു ബാറില്‍ ഉണ്ടായ അടിപിടിയെ തുടര്‍ന്നാണ് അണ്ണാഡിഎംകെ മുന്‍ നേതാവായ പ്രസാദിനെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും പോലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

നടന്‍ ശ്രീകാന്തിനും ലഹരിമരുന്ന് കൈമാറിയെന്നാണ് ഇയാള്‍ പോലിസിനു നല്‍കിയ മൊഴി. ഒരു ഗ്രാം കൊക്കെയ്ന്‍ 12,000 രൂപയ്ക്ക് ശ്രീകാന്തിനു നല്‍കിയെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. ഇതു സംബന്ധിച്ച അന്വേഷണത്തിനാണ് ശ്രീകാന്തിനെ വിളിച്ചുവരുത്തിയത്. ശ്രീകാന്തിന്റെ രക്തസാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നാണു സൂചന.

തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ നടനാണ് ശ്രീകാന്ത്.തെലുങ്കില്‍ 'ശ്രീറാം' എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തില്‍ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക് ഇന്‍ ആക്ഷന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.




Tags: