ലഹരിക്കേസ്; തമിഴ് നടന്‍ കൃഷ്ണ അറസ്റ്റില്‍; രണ്ട് പ്രമുഖ നടിമാര്‍ പോലിസ് നിരീക്ഷണത്തില്‍

Update: 2025-06-26 15:10 GMT

ചെന്നൈ: മയക്കുമരുന്ന് കേസില്‍ ചെന്നൈയില്‍ അറസ്റ്റിലായ നടന്‍ ശ്രീകാന്തിനു പിന്നാലെ തമിഴ് നടന്‍ കൃഷ്ണയും അറസ്റ്റില്‍. കൃഷ്ണയുടെ സുഹൃത്ത് കെവിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് പ്രമുഖ നടിമാരും പോലിസിന്റെ നിരീക്ഷണത്തിലാണെന്ന് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

20 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ആണ് കൃഷ്ണയെ ചെന്നൈ പോലിസ് അറസ്റ്റ് ചെയ്തത്. ഉന്നതര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവും സിനിമാ നിര്‍മ്മാതാവുമായ ടി. പ്രസാദിന്റെ അറസ്റ്റിന് ശേഷമാണ് കൃഷ്ണയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.

മെയ് 22-ന് ചെന്നൈയിലെ നുങമ്പാക്കം പ്രദേശത്തെ ഒരു നൈറ്റ്ക്ലബ്ബിന് പുറത്തുണ്ടായ സംഘര്‍ഷമാണ് ഈ കേസിന്റെ തുടക്കം. ഈ സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, മുന്‍ എ.ഐ.എ.ഡി.എം.കെ ഐ.ടി വിഭാഗം ഭാരവാഹിയായ ടി. പ്രസാദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ മയക്കുമരുന്ന് ശൃംഖലയെ പോലിസ് കണ്ടെത്തി.

പ്രസാദ്, സിനിമാ വ്യവസായത്തിലെ ചില പ്രമുഖ വ്യക്തികള്‍ക്ക് കൊക്കെയ്ന്‍ വിതരണം ചെയ്തിരുന്നതായി പോലിസ് കണ്ടെത്തി. ഇതില്‍ നടന്‍ ശ്രീകാന്തിനെ ജൂണ്‍ 23നാണ് അറസ്റ്റ് ചെയ്തത്. കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രക്തസാമ്പിളുകളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീകാന്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു ഗ്രാം കൊക്കെയ്നും ഏഴ് ഒഴിഞ്ഞ പാക്കറ്റുകളും കണ്ടെടുത്തു. ഇതിനെ തുടര്‍ന്ന് ജൂലൈ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.





Tags: