ബി ആര്‍ എസ് എം എല്‍എയുടെ ഫാം ഹൗസില്‍ ലഹരിമരുന്ന് വേട്ട: പോലിസിന് നേരെ വെടിവെയ്പ്പ്

Update: 2026-03-15 15:08 GMT

ഹൈദരാബാദ്: തെലങ്കാനയിലെ മൊയ്നാബാദില്‍ ബി.ആര്‍.എസ് എം എല്‍ എ രോഹിത് റെഡ്ഡിയുടെ ഫാം ഹൗസില്‍ പോലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. ശനിയാഴ്ച രാത്രി നടന്ന റെയ്ഡിനിടെ പോലീസിന് നേരെ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ നേതാക്കളടക്കം പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മൊയ്നാബാദിലെ ഫാം ഹൗസില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് തെലങ്കാന പോലിസിന്റെ പ്രത്യേക വിഭാഗമായ 'ഈഗിള്‍ ടീമും' മൊയ്നാബാദ് പോലിസും സംയുക്തമായി പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ആരംഭിച്ച റെയ്ഡില്‍, ഏകദേശം രണ്ട് ഗ്രാം കൊക്കെയ്ന്‍ പോലീസ് കണ്ടെടുത്തു. വന്‍തോതില്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്.

പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥരെ ഫാം ഹൗസിലെ സുരക്ഷാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. ഇതിനിടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഡല്‍ഹിയില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരി നമിത് ശര്‍മ്മ പോലിസിന് നേരെ വെടിയുതിര്‍ത്തത് വലിയ പരിഭ്രാന്തി പരത്തി. എം എല്‍ എയുടെ സഹോദരന്‍ ശ്രദ്ധേഷ് റെഡിയുടെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് നമിത് ശര്‍മ്മ വെടിവെച്ചത്. ഭാഗ്യവശാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.