ഡ്രഡ്ജര്‍ അഴിമതി: കേന്ദ്രത്തിന് ചുമത്തിയ 25,000 രൂപ പിഴ സുപ്രിംകോടതി പിന്‍വലിച്ചു
ന്യൂഡല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്രത്തിന് ചുമത്തിയ പിഴ സുപ്രിംകോടതി പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. തെറ്റായ വിവരം നല്‍കിയതിനാണ് സുപ്രിംകോടതി കേന്ദ്രത്തിന് 25,000 രൂപ പിഴയിട്ടത്.
ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ തെറ്റായ വിവരം സമര്‍പ്പിച്ചു എന്നു ചൂണ്ടിക്കാട്ടി ഈ വര്‍ഷം ജനുവരി 20 നാണ് കേന്ദ്രത്തിന് കോടതി 25,000 രൂപ പിഴ ചുമത്തിയത്. അഴിമതിക്കേസില്‍ അന്വേഷണത്തിനായി നെതര്‍ലാന്‍ഡില്‍ പോകാനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നെതര്‍ലാന്‍ഡ്സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ അത്തരമൊരു പട്ടിക നല്‍കിയിട്ടില്ലെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. ഈ വാദം തെറ്റാണെന്ന് കണ്ടെത്തിയാണ് കോടതി കേന്ദ്രത്തിന് പിഴ ചുമത്തിയത്.
ഡ്രഡ്ജര്‍ കേസ് സുപ്രിംകോടതി വീണ്ടും പരിഗണിച്ചപ്പോള്‍, പിഴ ചുമത്തിയത് ഒഴിവാക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. പിഴവ് തിരുത്തിയതായും അറിയിച്ചു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന് ചുമത്തിയ പിഴ കോടതി ഒഴിവാക്കിയത്. ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട് നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഡച്ച് ഭാഷയിലുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയതായും അത് തര്‍ജമ ചെയ്ത് വരികയാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു. തുടര്‍ന്ന് തര്‍ജമ ചെയ്ത റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ കോടതിക്ക് കൈമാറാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
