ഡോ.വര്‍ഗീസ് ജോര്‍ജ് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ്

കേരളത്തില്‍ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണു പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതെന്നു ദേശീയ നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.

Update: 2020-07-15 17:52 GMT

ന്യൂഡല്‍ഹി: ലോക് താന്ത്രിക് ജനതാദളിന്റെ (എല്‍ജെഡി) സംസ്ഥാന സമിതിയുടെ പുതിയ പ്രസിഡന്റായി ഡോ.വര്‍ഗീസ് ജോര്‍ജിനെ നിയമിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാന പ്രസിഡന്റായി തുടരുന്ന എം വി ശ്രേയാംസ് കുമാറിനെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. കേരളത്തില്‍ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണു പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതെന്നു ദേശീയ നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, വര്‍ഗീസ് ജോര്‍ജിനെ പ്രസിഡന്റാക്കിയ തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ് അറിയിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ മുമ്പാകെ നടന്ന റഫറണ്ടത്തിലൂടെയാണ് എം വി ശ്രേയാംസ് കുമാറിനെ ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാന അധ്യക്ഷനായി പാര്‍ട്ടി തിരഞ്ഞെടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായ അരുണ്‍കുമാര്‍ ശ്രീവാസ്തവ പങ്കെടുത്ത പാലക്കാട് നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത്തരത്തില്‍ നിയമാനുസൃതമായും ജനാധിപത്യരീതിയിലും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റിനെ മാറ്റാനുള്ള അധികാരം കേന്ദ്രനേതൃത്വത്തിനില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുന്ന സമയത്ത് ഇത്തരം നടപടികള്‍ ഉചിതമല്ല. പാര്‍ട്ടി കേരള ഘടകം തുടര്‍ന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവും. എം പി വീരേന്ദ്രകുമാറിന്റെ മരണത്തെത്തുടര്‍ന്നു ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കു രാഷ്ട്രീയക്കളികള്‍ സജീവമാവുന്നതിനിടെയാണു എല്‍ജെഡിയിലെ പുതിയ പൊട്ടിത്തെറി. രാജ്യസഭാ സീറ്റിനായി ശ്രേയാംസ് കുമാറും വര്‍ഗീസ് ജോര്‍ജും അടക്കമുള്ളവര്‍ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണു ഭിന്നത രൂക്ഷമാവുന്നത്. 

Tags:    

Similar News