മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് താന്‍ അയച്ച കത്ത് പുറത്തുവിട്ട് ഡോ. ഹാരിസ് ചിറക്കല്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് താന്‍ അയച്ച കത്ത് പുറത്തുവിട്ട് ഡോ. ഹാരിസ് ചിറക്കല്‍. മാര്‍ച്ച് മാസത്തിലും ജൂണ്‍ മാസത്തിലും ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് നല്‍കിയ കത്താണ് പുറത്തുവിട്ടത്. നോട്ടീസിന് മറുപടി നല്‍കാനുള്ള കത്ത് അടിക്കാനുള്ള പേപ്പര്‍ പോലുമില്ലെന്ന് ഹാരിസ് പ്രതികരിച്ചു. വിദഗ്ധ സമിതി എന്ത് റിപോര്‍ട്ട് ആണ് നല്‍കിയതെന്ന് തനിക്ക് അറിയില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
നോട്ടീസിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ആ കമ്മിറ്റിയില്‍ ഉള്ള നാലുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. എന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല അവര്‍. ഏത് ഘട്ടത്തിലാണ് എന്നെപ്പറ്റി മോശമായി എഴുതാന്‍ അവര്‍ നിര്‍ബന്ധിതരായത് എന്ന് തനിക്കറിയില്ലെന്നും ഡോ.ഹാരിസ് കൂട്ടിച്ചേര്‍ത്തു. കത്ത് നല്‍കിയതിന് ശേഷവും ഉപകരണങ്ങള്‍ കിട്ടിയിരുന്നില്ല. കത്തുമുഖേന അറിയിക്കാനുള്ള വലിയ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, നിങ്ങള്‍ വിശ്വസിക്കില്ല, പറയാന്‍ എനിക്ക് നാണക്കേടുണ്ട്.
കത്ത് അടിക്കാനുള്ള പേപ്പര്‍ വരെ ഞാന്‍ പൈസ കൊടുത്ത് വാങ്ങണം. അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പര്‍ പോലുമില്ല. ഞാന്‍ അഞ്ഞൂറ് പേപ്പര്‍ വീതം വാങ്ങി റൂമില്‍ വെച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലും മെഡിക്കല്‍ കമ്പനിക്കാരെക്കൊണ്ട് വാങ്ങിയാണ് അടിച്ചുകൊടുക്കുന്നത്. അത്രയും വലിയ ഗതികേടാണ്. പിന്നെ എങ്ങനെയാണ് പേപ്പറില്‍ എപ്പോഴും അടിച്ചു കൊടുക്കാന്‍ പറ്റുന്നത്.
സ്വന്തമായി ഓഫീസോ സ്റ്റാഫോ പ്രിന്റിങ് മെഷീനോ ഇല്ല. പലരുടേയും കൈയും കാലും പിടിച്ചിട്ടാണ് ഇത് എഴുതിയൊക്കെ കൊടുക്കുന്നത്. അതിനൊന്നും എനിക്ക് സമയമില്ല. ആവശ്യകത മനസ്സിലാക്കി മീറ്റിങ്ങില്‍ എഴുതിക്കൊടുക്കുമ്പോള്‍ അത് മനസ്സിലാക്കണം. രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്', ഹാരിസ് പറഞ്ഞു.ഒരു രോഗിയുടെ ജീവന്‍ രക്ഷാ ഉപകരണമാണ് ആവശ്യപ്പെട്ടത്. അതിന് അടിയന്തരമായ നടപടികളാണ് ആവശ്യം. ഒരു പൗരന്റെ ജീവനെ സാമ്പത്തികപ്രതിസന്ധി ബാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ രീതിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്നു ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന് ഇന്നലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. ഡിഎംഇയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഹാരിസ് ചട്ടലംഘനം നടത്തിയതായി നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
വെളിപ്പെടുത്തലിന് ഇടയാക്കിയ സാഹചര്യം വ്യക്തമാക്കണമെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഹാരിസ് ചിറയ്ക്കല്‍ ശ്രമിച്ചതായും കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിക്കുന്നുണ്ട്.

