ആരാണ് 'അര്‍ബന്‍ നക്‌സലുകള്‍'; മറുപടിയില്ലാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ആരാണ് 'അര്‍ബന്‍ നക്‌സലുകള്‍' ?, ഏത് മേഖലയിലാണ് അവര്‍ സജീവമായുള്ളത് ?, ഇതുവരെ എത്ര അര്‍ബന്‍ നക്‌സലുകള്‍ അറസ്റ്റിലായി, അവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു ?, എപ്പോഴെങ്കിലും 'അര്‍ബന്‍ നക്‌സലുകളെ' നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടോ ?, ഉണ്ടെങ്കില്‍, എപ്പോഴാണ് ? തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ചിരുന്നത്. എന്നാല്‍, ഈ ചോദ്യങ്ങള്‍ക്കെല്ലാം 'ഇല്ല' എന്ന മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ യോഗേഷ് മോഹന്‍ ദീക്ഷിത് നല്‍കിയത്.
ന്യൂഡല്‍ഹി: ' അര്‍ബന്‍ നക്‌സലുകള്‍' സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവരാവകാശ നിയമപ്രകാരം ഇന്ത്യാ ടുഡേ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ആരാണ് 'അര്‍ബന്‍ നക്‌സലുകള്‍' എന്നതിനെക്കുറിച്ചോ അവര്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചോ ഒരു വിവരവും തങ്ങള്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിലെ തീവ്ര ഇടതുഗ്രൂപ്പുകളെക്കുറിച്ച് നിരീക്ഷണം നടത്തുന്ന ഡിപ്പാര്‍ട്ട്‌മെന്റ് രേഖാമൂലം വ്യക്തമാക്കി. 'തുക്‌ടെ തുക്‌ടെ ഗ്യാങ്' എന്നതിനെക്കുറിച്ച് മറ്റൊരു വിവരാവകാശ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരന്ത്രാലയം നല്‍കിയ മറുപടിയും സമാനമായിരുന്നു. ഇത്തരമൊരു സംഘത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ മറുപടി.
കഴിഞ്ഞ ജനുവരിയില്‍ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ നല്‍കിയ വിവരാവകാശ ചോദ്യത്തിനാണ് കേന്ദ്രം ഇത്തരത്തില്‍ മറുപടി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതാക്കള്‍ എന്നിവര്‍ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രസംഗങ്ങളില്‍ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദമാണ് ' അര്‍ബന്‍ നക്‌സലുകള്‍'. എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടിയോടെ ' അര്‍ബന്‍ നക്‌സല്‍' എന്നതിന് തെളിവില്ലെന്നും ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്ന വ്യാജ ആരോപണം മാത്രമാണെന്നും വ്യക്തമായിരിക്കുകയാണ്.
ആരാണ് 'അര്‍ബന്‍ നക്‌സലുകള്‍' ?, ഏത് മേഖലയിലാണ് അവര്‍ സജീവമായുള്ളത് ?, ഇതുവരെ എത്ര അര്‍ബന്‍ നക്‌സലുകള്‍ അറസ്റ്റിലായി, അവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു ?, എപ്പോഴെങ്കിലും 'അര്‍ബന്‍ നക്‌സലുകളെ' നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടോ ?, ഉണ്ടെങ്കില്‍, എപ്പോഴാണ് ? തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ചിരുന്നത്. എന്നാല്‍, ഈ ചോദ്യങ്ങള്‍ക്കെല്ലാം 'ഇല്ല' എന്ന മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ യോഗേഷ് മോഹന്‍ ദീക്ഷിത് നല്‍കിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കുന്നതിന് വിവരാവകാശ അപേക്ഷ മറ്റൊരു വിഭാഗത്തിലേക്ക് കൈമാറിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ 'അര്‍ബന്‍ നക്‌സലുകള്‍' ആണെന്നായിരുന്നു ഡിസംബര്‍ 18ന് ജാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി ആരോപിച്ചത്. പൗരത്വപ്രക്ഷോഭങ്ങളുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിനെയും മോദി കടന്നാക്രമിച്ചിരുന്നു. നവംബര്‍ 16ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ ' അര്‍ബന്‍ നക്‌സലുകള്‍ക്കും' ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന 'തീവ്രവാദി'കള്‍ക്കുമെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 'അര്‍ബന്‍ നക്‌സലി' ന്റെ വലിയ ഉദാഹരണമാണെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയും ആരോപിച്ചു. മോദിയുടെയും അമിത് ഷായുടെയും വിദ്വേഷ അജണ്ടയെ എതിര്‍ക്കുന്നവരെ 'അര്‍ബന്‍ നക്‌സലുകള്‍' ആക്കുകയാണെന്ന് ഇതിനൊക്കെ മറുപടിയായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും വ്യാപകമായി 'അര്‍ബന്‍ നക്‌സല്‍' എന്ന പദം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചതെന്ന് ഇന്ത്യാ ടുഡേ വ്യക്തമാക്കി.

