പ്രയാഗ് രാജിലെ നദിയില്‍ നിന്ന് ഒരുകവിള്‍ വെള്ളം കുടിക്കാന്‍ യോഗിക്ക് ധൈര്യമുണ്ടോ? ; വെല്ലുവിളിയുമായി സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി

Update: 2025-02-21 07:46 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കുംഭമേള നടക്കുന്ന നദിയിലെ വെള്ളം മലിനമാണെന്ന തള്ളിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഗായകനും സംഗീതസംവിധായകനുമായ വിശാല്‍ ദദ്ലാനി. പ്രയാഗ്രാജിലെ നദിയില്‍ നിന്ന് ഒരുകവിള്‍ വെള്ളം കുടിക്കാന്‍ യോഗിക്ക് ധൈര്യമുണ്ടോ എന്ന് വിശാല്‍ വെല്ലുവിളിച്ചു. കുംഭമേള നടക്കുന്ന സ്ഥലങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന യോഗി ആദിത്യനാഥിന്റെ അവകാശവാദത്തിന് പിന്നാലെയാണ് വിശാല്‍ ദദ്‌ലാനിയുടെ വെല്ലുവിളി.

'വിദ്വേഷമുള്ളവരെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട, സര്‍. ഞങ്ങള്‍ താങ്കളെ വിശ്വസിക്കുന്നു. താങ്കള്‍ ധൈര്യമായി മുന്നോട്ട് പോവുക, കാമറയെ സാക്ഷി നിര്‍ത്തി നദിയില്‍ നിന്ന് നേരിട്ട് വെള്ളം കോരിക്കുടിക്കൂ...' -വിശാല്‍ ദദ്ലാനി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ യോഗിയോട് ആവശ്യപ്പെട്ടു.

'ദശലക്ഷക്കണക്കിന് പേര്‍ക്ക് വയറിളക്കവും കോളറയും ബാധിക്കുന്നത് കാണാന്‍ കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും എന്തോ പ്രത്യേകതയുള്ളയാളാണ് താങ്കള്‍. ദയവായി, നിങ്ങളും കുടുംബവും പോയി ആ മലിനജലത്തില്‍ മുങ്ങണം. നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി വരട്ടെ!' -ദേശീയ ഹരിത ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പോസ്റ്റ് ചെയ്ത് വിശാല്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

ഗംഗ നദിയടക്കമുള്ള ത്രിവേണി സംഗമത്തിലെ ജലത്തില്‍ മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫാം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് അപകടകരമാം വിധം ഉയര്‍ന്നതാണെന്ന് യു.പി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയിരുന്നു. കോളിഫോം ബാക്ടീരിയ അനുവദനീയമായതിന്റെ 2000 ശതമാനം വരെ അധികമാണെന്നായിരുന്നു പരിശോധന റിപ്പോര്‍ട്ട്. 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ പരമാവധി 2500 എം.പി.എന്‍ ആണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയ അളവ്. എന്നാല്‍, കുംഭമേള നടക്കുന്ന ജനുവരി 20ന് ഇത് 49,000 ആയിരുന്നു. ഫെബ്രുവരി 4ന് അനുവദനീയമായതിന്റെ 300 ശതമാനം അധികമാണ് ത്രിവേണി സംഗമ ജലത്തിലെ കോളിഫോമിന്റെ അളവ്. ഇവിടെയാണ് കുംഭമേളക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ പുണ്യസ്‌നാനം നടത്തുന്നത്.

മഹാ കുംഭ മേളയിലെ സ്‌നാനഘട്ടുകള്‍ക്ക് സമീപമുള്ള വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ഫെബ്രുവരി 17 നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ചുവെങ്കിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളയുകയായിരുന്നു.






Tags: