അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി; യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ വെള്ളം പൊങ്ങിയ റെയില്‍വേ അടിപ്പാതയിലൂടെ രാത്രിയില്‍ കാറോടിച്ച യുവ വനിതാ ഡോക്ടര്‍ മുങ്ങി മരിച്ചു. കൃഷ്ണഗിരി ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.എസ് സത്യയാണ്(31) വെള്ളിയാഴ്ച രാത്രി അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവ് ജയമ്മാളിനെ(63) എതിര്‍ദിശയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ ലോറിയിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. പുതുക്കോട്ട ജില്ലയിലെ തുടൈയൂരിനടുത്തുള്ള റെയില്‍വേ അടിപ്പാതയിലാണ് അപകടമുണ്ടായത്.
ഭര്‍തൃമാതാവിനൊപ്പം സ്വന്തം പട്ടണമായ തുടൈയൂരിലേക്ക് പോവുകയായിരുന്നു സത്യ. അടിപ്പാതയിലേക്ക് ഒരു ലോറി വരുന്നതുകണ്ട് കാര്യമായ വെള്ളക്കെട്ടുണ്ടാവില്ലെന്ന ധാരണയില്‍ സത്യയും വെള്ളക്കെട്ടിലൂടെ കാറോടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ലോറിയുടെ ക്യാബിന്റെ മുകള്‍ത്തട്ടോളം വെള്ളത്തില്‍ താണതോടെ അതിലെ തൊഴിലാളികള്‍ നീന്തി പുറത്തുകടന്നു. ഇതിനിടെ എതിരേ വന്ന കാര്‍ പൂര്‍ണമായും മുങ്ങുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന ഡോക്ടര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനായില്ല. കാറിനുള്ളിലിരുന്ന് എന്‍ജിനീയറായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടതോടെ ഭര്‍ത്താവ് സമീപവാസികളില്‍ ചിലരെ സഹായം തേടി വിളിക്കുകയായിരുന്നു.
ഇതിനിടെ കാര്‍ മുങ്ങുന്നത് കണ്ട് സമീപത്തെത്തിയ ലോറി ജീവനക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിച്ച ഡോക്ടറെ വാതില്‍ തുറന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല. സ്ഥലത്ത് വെളിച്ചമില്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. കാര്‍ മുങ്ങുന്നതിനിടെ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ സാധിച്ച ഭര്‍തൃമാതാവിനെ ലോറി ജീവനക്കാരാണ് രക്ഷിച്ചത്. രണ്ടുപേരെയും പുതുക്കോട്ടൈ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍തന്നെ സത്യ മരിച്ചതായി സ്ഥിരീകരിച്ചു. ഭര്‍തൃമാതാവ് സുഖം പ്രാപിച്ചുവരികയാണെന്ന് ഡിഎസ്പി ഡി ശിവസുബ്രഹ്മണ്യന്‍ പറയുന്നു. മഴക്കാലത്ത് വെള്ളം നിറയുന്ന അടിപ്പാതയ്ക്കു പകരം മേല്‍പ്പാലത്തിനുവേണ്ടി നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ഡോക്ടറുടെ മരണമുണ്ടാവുന്നത്. അടിപ്പാതയ്ക്ക് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല.
