പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചെന്നൈയില്‍ ഡിഎംകെയുടെ മഹാറാലി

ഡിഎംകെ നേതാക്കളായ എം കെ സ്റ്റാലിന്‍, കനിമൊഴി, കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും എംഡിഎംകെ നേതാവ് വൈകോ, വിസികെ നേതാവ് തൊല്‍ തിരുമാവളവന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

Update: 2019-12-23 07:17 GMT

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ ചെന്നൈയില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ മഹാറാലി തുടങ്ങി. ഡിഎംകെയെ കൂടാതെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാര്‍ട്ടികളും വിവിധ മുസ്‌ലിം- ദലിത് സംഘടനകളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യവും റാലിയുമായി സഹകരിക്കുന്നുണ്ടെങ്കിലും കമല്‍ഹാസന്‍ റാലിക്കെത്തിയില്ല. ചികില്‍സയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പോയെന്നാണ് മക്കള്‍ നീതി മെയ്യം നേതൃത്വം ഡിഎംകെയെ അറിയിച്ചിട്ടുള്ളത്. ഡിഎംകെ നേതാക്കളായ എം കെ സ്റ്റാലിന്‍, കനിമൊഴി, കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും എംഡിഎംകെ നേതാവ് വൈകോ, വിസികെ നേതാവ് തൊല്‍ തിരുമാവളവന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

നഗരത്തില്‍ റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നുവെങ്കിലും രാത്രിവരെ നീണ്ട വാദത്തിനൊടുവിലാണ് റാലി നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. ചെന്നൈ നഗരത്തിലെ എഗ്മോറില്‍ സംഘടിപ്പിച്ച റാലിക്ക് വന്‍ പോലിസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഡ്രോണ്‍ കാമറകളും ജലപിരങ്കിയുമടക്കം എല്ലാ സജ്ജീകരണങ്ങളും പോലിസ് ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം റാലി മുഴുവനായും പോലിസ് വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. പ്രദേശത്തേക്കുള്ള വഴികളില്‍ മൊത്തം പോലിസിന്റെയും റാലിക്കെത്തിയവരുടെയും വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. റാലി കടന്നുപോവുന്ന വഴികളില്‍ പൊലീസ് ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഡിഎംകെയുടെ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളിലെ മുഴുവന്‍ കേഡര്‍മാരോടും റാലിക്കെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 

Tags:    

Similar News