ബംഗളൂരൂ : നിയമസഭയില്‍ ആര്‍എസ്എസ് ഗീതം ആലപിച്ച് വിവാദത്തിലായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഡി കെ ശിവകുമാര്‍ ആര്‍എസ്എസ് ഗീതം ആലപിക്കുന്നതും ബിജെപി എംഎല്‍എമാര്‍ പ്രോത്സാഹിപ്പിക്കുന്നതുമായ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിനെ പരാമര്‍ശിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
ഇതിനു പിന്നാലെ ഉപമുഖ്യമന്ത്രി ആര്‍എസ്എസ് ഗീതം ആലപിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി. ആര്‍സിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഡി കെ ശിവകുമാര്‍ ഒരു ആര്‍എസ്എസ് ഗീതം ആലപിച്ചത്. ബിജെപി നിയമസഭാംഗങ്ങള്‍ മേശയില്‍ അടിച്ചുകൊണ്ട് ഗീതത്തെ സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് അംഗങ്ങളെല്ലാം നിശബ്ദമായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
73 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉപമുഖ്യമന്ത്രി നമസ്‌തേ സദാ വത്സലേ മാതൃഭൂമി എന്ന ആര്‍എസ്എസ് ഗീതം ആലപിക്കുന്നത് കാണാം. ആര്‍എസ്എസിനെതിരെ മുമ്പ് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ഡി കെ ശിവകുമാര്‍ ആര്‍എസ്എസ് ഗീതം ആലപിച്ചത് ബിജെപി നേതാക്കള്‍ ആയുധമാക്കിയിട്ടുണ്ട്. ഭൂരിഭാഗം നേതാക്കളും ഇപ്പോള്‍ ആര്‍എസ്എസിനെ പ്രശംസിക്കുന്നുവെന്നാണ് ബിജെപിയുടെ വാദം.
വീഡിയോ വിവാദമായതോടെ താന്‍ ജനനം മുതല്‍ കോണ്‍ഗ്രസുകാരനാണെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നുമുള്ള വിശദീകരണവുമായി ശിവകുമാര്‍ രംഗത്തെത്തി. 'ഞാന്‍ ജന്മനാ ഒരു കോണ്‍ഗ്രസുകാരനാണ്. ബിജെപിയുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ഞാന്‍ കോണ്‍ഗ്രസിനെ നയിക്കും. ജീവിതകാലം മുഴുവന്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പമായിരിക്കും'- ശിവകുമാര്‍ പറഞ്ഞു.
വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും വ്യാപകമായ ചര്‍ച്ച ആരംഭിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന് ഡി കെ ശിവകുമാര്‍ നല്‍കുന്ന സൂചനയാണ് ഇതെന്നും ഉടന്‍ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നതെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.
