അനധികൃത സ്വത്ത് കേസ്: ഡികെ ശിവകുമാറിന് സിബിഐ സമന്‍സ്

74.93 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശം വെച്ചുവെന്നാരോപിച്ച് ശിവകുമാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്.

Update: 2020-11-21 18:20 GMT

ബംഗളൂരു: അനധികൃത സ്വത്ത് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന് സിബിഐയുടെ സമന്‍സ്. സിബിഐ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമന്‍സ് നല്‍കിയതായി ശിവകുമാര്‍ സ്ഥിരീകരിച്ചു. നവംബര്‍ 19ന് ഉദ്യോഗസ്ഥര്‍ വന്നിരുന്നെങ്കിലും സ്ഥലത്തില്ലാതിരുന്ന ശിവകുമാറിന് വീണ്ടും വീട്ടിലെത്തിയാണ് സിബിഐ സമന്‍സ് കൈമാറിയത്.

നവംബര്‍ 23 ന് വൈകുന്നേരം 4 മണിയോടെ ഹാജരാകാനാണ് സമന്‍സിലെ നിര്‍ദേശം. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാനിരിക്കുന്ന മാസ്‌കി, ബസവകലന്യ നിയമസഭാ മണ്ഡലങ്ങളില്‍ സിദ്ധരാമയ്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങേണ്ടതിനാല്‍ നവംബര്‍ 25നായിരിക്കും ശിവകുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാവുക.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ശിവകുമാറുമായി ബന്ധപ്പെട്ട കര്‍ണാടക, ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലെ ഉള്‍പ്പടെ പതിനാലിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 57 ലക്ഷം രൂപയും സ്വത്ത് സംബന്ധിച്ച ചിലരേഖകളും ബാങ്ക് രേഖകളും, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവയും കണ്ടെത്തിയതായി സിബിഐ അറിയിച്ചിരുന്നു.

74.93 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശം വെച്ചുവെന്നാരോപിച്ച്  ശിവകുമാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്.