കര്‍ഷക പ്രക്ഷോഭത്തെ വഴിതിരിച്ചുവിടല്‍ തന്ത്രങ്ങളുമായി എസ്‌വൈഎല്‍ കനാല്‍ വിഷയത്തില്‍ ബിജെപി പ്രതിഷേധം

കരിങ്കൊടിയുമായി കര്‍ഷകര്‍ ഫത്തേഹാബാദിലെ പാപ്പിഹ പാര്‍ക്കിന് സമീപം പോലിസ് ബാരിക്കേഡുകള്‍ തള്ളിമാറ്റി ബിജെപി നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി

Update: 2020-12-19 18:55 GMT

ചണ്ഡിഗഡ്: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലും ഹരിയാന ബിജെപി നേതാക്കളും പ്രവര്‍ത്തകരും വിവാദമായ സത്‌ലജ്‌യമുന ലിങ്ക് കനാല്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം ആചരിച്ചു. കര്‍ഷക പ്രക്ഷോഭത്തെ വഴിതിരിച്ചുവിടാനുള്ള ബിജെപി തന്ത്രമാണെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ ഫത്തേഹാബാദിലും കര്‍ണാലിലും ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. കരിങ്കൊടിയുമായി കര്‍ഷകര്‍ ഫത്തേഹാബാദിലെ പാപ്പിഹ പാര്‍ക്കിന് സമീപം പോലിസ് ബാരിക്കേഡുകള്‍ തള്ളിമാറ്റി ബിജെപി നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. കര്‍ശന സുരക്ഷയിലാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ ഉപവാസ വേദി മാറ്റിയതെന്ന് പോലിസ് പറഞ്ഞു.

കര്‍ണാലില്‍ ബിജെപി നേതാക്കള്‍ ഉപവാസം അനുഷ്ഠിക്കുന്ന വേദിക്ക് സമീപം ഒരു കൂട്ടം കര്‍ഷകര്‍ പ്രതിഷേധിച്ചു. സംഭവത്തെ അപലപിച്ച ഹരിയാന ബിജെപി മേധാവി ഒപി ധങ്കര്‍ ചില 'അക്രമാസക്തരായ ആളുകള്‍' ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അപലപനീയമാണെന്നും പറഞ്ഞു. സത്‌ലജ്‌യമുന ലിങ്ക് (എസ്‌വൈഎല്‍) കനാല്‍ നിര്‍മിക്കണമെന്ന് ഹരിയാനയിലെ കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെന്നും സംസ്ഥാനത്ത് നദീതീരത്തിന്റെ പങ്ക് പഞ്ചാബില്‍ നിന്ന് ലഭിക്കണമെന്നും സംസ്ഥാന കൃഷി മന്ത്രി ജെപി ദലാല്‍ പറഞ്ഞു.