ദിഷ രവി കേസ്: വാര്‍ത്തകള്‍ പെരുപ്പിച്ച് നല്‍കരുത്, ജാഗ്രത പുലര്‍ത്തണം; മാധ്യമങ്ങളോട് ഡല്‍ഹി ഹൈക്കോടതി
വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള അന്വേഷണ വിവരങ്ങള്‍ പോലിസ് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദിഷ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ചോര്‍ന്ന വിവരങ്ങളൊന്നും സംപ്രേഷണം ചെയ്യരുതെന്ന് ജസ്റ്റിസ് പ്രതിഭാ സിങ് മാധ്യമങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ബംഗളൂരുവില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി അറസ്റ്റിലായ വിവാദ ടൂള്‍ കിറ്റ് കേസില്‍ ജാഗ്രതയോടെ വാര്‍ത്തകള്‍ നല്‍കണമെന്ന് മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള അന്വേഷണ വിവരങ്ങള്‍ പോലിസ് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദിഷ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. പോലിസ് ചോര്‍ത്തി നല്‍കിയ സ്വകാര്യ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട പ്രമുഖ ചാനലുകളായ ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് നൗ തുടങ്ങിയവയ്ക്ക് ഹൈക്കോടതി നോട്ടീസും അയച്ചിരിക്കുകയാണ്.
അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പെരുപ്പിച്ച് നല്‍കാതിരിക്കാന്‍ എഡിറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വകാര്യ വാട്‌സ് ആപ്പ് ചാറ്റ് പോലും മാധ്യമങ്ങള്‍ വഴി പുറത്തുവരുന്നു. അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ പോലിസ് വിവരം ചോര്‍ത്തുന്നു എന്നൊക്കെയായിരുന്നു ദിഷയ്ക്ക് വേണ്ടി ഹാജരായ അഖില്‍ സിബലിന്റെ വാദം. വിവരം ചോര്‍ത്തിയിട്ടില്ലെന്ന് ഡല്‍ഹി പോലിസ് വാദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും ചോര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡല്‍ഹി പോലിസിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കണമെന്ന് കോടതി പോലിസിന് നിര്‍ദേശം നല്‍കി.
അതോടൊപ്പം ചോര്‍ന്ന വിവരങ്ങളൊന്നും സംപ്രേഷണം ചെയ്യരുതെന്ന് ജസ്റ്റിസ് പ്രതിഭാ സിങ് മാധ്യമങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നായിരുന്നു ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി കോടതിയെ അറിയിച്ചത്. സ്വകാര്യതയുടെ അതിര്‍ത്തി ലംഘിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് പ്രതിഭാ സിങ് വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാനുള്ള വിവരം പുറത്തുവരണം. സംസാരിക്കാനുള്ള സ്വാതന്ത്ര്യവും നല്‍കേണ്ടതുണ്ട്. അതിര്‍ത്തി വരമ്പുകള്‍ പാലിച്ച് കരുതലോടെ വേണം വാര്‍ത്തകള്‍ നല്‍കാനെന്നും കോടതി നിര്‍ദേശിച്ചു.
പോലിസ് അപഖ്യാതി ഉണ്ടാക്കില്ലെന്ന ഉറപ്പ് ദിഷ രവിയില്‍നിന്നും കോടതി വാങ്ങി. കേസ് വിശദമായി കേള്‍ക്കാനായി മാറ്റി. തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അസാധാരണമായ വാര്‍ത്താപ്രാധാന്യമാണ് ചില മാധ്യമങ്ങള്‍ നല്‍കിയതെന്ന് ദിഷയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി. നിയമപരമായും 2010 ലെ പോലിസിന്റെ മീഡിയ പോളിസി അഡൈ്വസിനും അനുസൃതമായി അന്വേഷണകാര്യത്തില്‍ പത്രസമ്മേളനങ്ങള്‍ നടത്താന്‍ പോലിസിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

