ധര്‍മസ്ഥല : മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്തംബര്‍ ആറു വരെ കസ്റ്റഡിയില്‍ വിട്ടു
ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എസ്‌ഐടി വാദം പരിഗണിച്ചാണ് നടപടി.
അതേ സമയം ധര്‍മസ്ഥല വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന എന്ന സംശയത്തിലാണ് എസ്‌ഐടി. ചിന്നയ്യയുടെത് ഉള്‍പ്പെടെ എസ്‌ഐടി സംഘം പിടിച്ചെടുത്ത 6 ഫോണുകളില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. സുജാത ഭട്ടിനെ രണ്ട് ദിവസം എസ്‌ഐടി സംഘം ചോദ്യം ചെയ്തിരുന്നു. ചിന്നയ്യക്ക് അഭയ സ്ഥാനമൊരുക്കിയ മഹേഷ് ഷെട്ടി തിമരോടിയുടേയും സഹോദരന്‍ മോഹന്‍ ഷെട്ടിയുടെയും വീടുകളില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം 6 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.
ഇതില്‍ ചിന്നയ്യയുടെ ഫോണും ഉള്‍പ്പെട്ടിരുന്നു. ഈ ഫോണുകളില്‍ നിന്ന് കണ്ടെത്തിയ വിഡിയോകളില്‍ വെളിപ്പെടുത്തലിന് പിന്നിലെ ആസൂത്രണത്തെ കുറിച്ച് സൂചനകള്‍ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഫോണിലേക്ക് ചിന്നയ്യയെ വിളിച്ചതാരൊക്കെ, ചിന്നയ്യ വിളിച്ചതാരൊയൊക്കെ എന്നീ കാര്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്നയ്യയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു എസ്‌ഐടി, മഹേഷ് തിമരോടിയുടേയും സഹോദരന്റെയും വീട്ടില്‍ ചിന്നയ്യയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പരിശോധനയും തെളിവെടുപ്പും പുലര്‍ച്ചെ വരെ നീണ്ടു. ഇതിനിടെ മകളെ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി പൊലീസിനും മാധ്യമങ്ങള്‍ക്കും മുന്നിലെത്തിയ സുജാത ഭട്ടിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു പ്രത്യേക അന്വേഷണ സംഘം.
ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അനന്യ ഭട്ട് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പിന്നിലെന്ന തുറന്നുപറച്ചിലും വിശദമായി അന്വേഷിക്കുന്നുണ്ട്. വ്യാജ വെളിപ്പെടുത്തലില്‍ ചിന്നയ്യയെ അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതല്‍ അറസ്റ്റുകളിലേക്ക് എസ്‌ഐടി കടന്നിട്ടില്ല. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് അന്വേഷണ സംഘം.
