യമുനാതീരത്ത് പാകിസ്താനി അഭയാര്‍ഥികളുടെ ക്യാംപ് ഇടിച്ചുനിരത്തല്‍: ഇടപെടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി: മജ്‌നു കാ തിലയിലെ പാകിസ്താനി ഹിന്ദു അഭയാര്‍ഥി ക്യാംപ് ഇടിച്ചുനിരത്താനുള്ള ഡിഡിഎയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നു ഡല്‍ഹി ഹൈക്കോടതി അറിയിച്ചു. യമുനാതീരത്തെ പരിസ്ഥിതിലോല മേഖലയിലാണ് ക്യാംപ്. ക്യാംപ് ഇടിച്ചുനിരുത്തും മുന്‍പ് മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രവി രഞ്ജന്‍ സിങ് എന്നയാള്‍ നല്‍കിയ ഹരജി ജസ്റ്റിസ് ധര്‍മേശ് ശര്‍മ തള്ളി.
''നദീതട സംരക്ഷണം, മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള ആളുകളുടെ അവകാശത്തിന്റെ ഭാഗമാണ്. ഭാവി തലമുറയ്ക്കും അത് അതാവശ്യമാണ്. ഇന്ത്യന്‍ പൗരന്മാരെ പോലും ഇത്തരം സ്ഥലങ്ങള്‍ കയ്യേറാന്‍ അനുവദിക്കാനാവില്ല. പൗരത്വമില്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ നിര്‍ദേശിക്കാനുമാവില്ല'' കോടതി പറഞ്ഞു. 800ലേറെ അഭയാര്‍ഥികളാണ് പാകിസ്താനി ഹിന്ദു ക്യാംപില്‍ താമസിക്കുന്നത്. ബലംപ്രയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.