ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം, പൊതുപരിപാടികള്‍ പാടില്ല

Update: 2021-09-16 03:39 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. രോഗവ്യാപനത്തിന്റെ നിരക്ക് കുറഞ്ഞതോടെയാണ് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ കൊവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിരുന്നില്ല. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിവാഹ ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം. തിയറ്ററുകളില്‍ 50 ശതമാനം വരെ ആളുകളെ അനുവദിക്കും.

എന്നാല്‍, മറ്റു സാംസ്‌കാരിക, രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കോ, സമ്മേളനങ്ങള്‍ക്കോ അനുമതിയില്ല. ഡല്‍ഹി മെട്രോയിലും ബസ്സുകളിലും 100 ശതമാനം യാത്രക്കാരെ അനുവദിക്കും. സീറ്റുകളുടെ എണ്ണത്തിന് തുല്യമായ യാത്രക്കാര്‍ക്ക് മാത്രമേ ബസ്സുകളിലും മെട്രോ ട്രെയിനുകളിലും കയറുന്നതിന് അനുമതിയുള്ളൂ. നിന്ന് യാത്ര ചെയ്യാന്‍ ആരെയും അനുവദിക്കില്ല. എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ക്ലാസ്സുകള്‍ ഈ മാസം 30 വരെ അടഞ്ഞുകിടക്കും. ഒമ്പതാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള കുട്ടികളുടെ ക്ലാസ്സുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.

സ്‌കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഡിറ്റോറിയങ്ങളിലും, അസംബ്ലി ഹാളുകളിലും 50 ശതമാനത്തിനു മുകളില്‍ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കുന്നത്തിനുള്ള അനുമതിയുണ്ടെങ്കിലും വിശ്വാസികള്‍ക്ക് സന്ദര്‍ശനത്തിന് നിയന്ത്രണങ്ങളുണ്ട്. ആഴ്ച ചന്തകള്‍ തുറക്കുന്നതിന് അനുവദിക്കും. ഇളവുകള്‍ ഏര്‍പ്പെടുത്തുന്‌പോഴും സന്ദര്‍ഭോചിതമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരായിരിക്കും.

കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ച് റെസ്‌റ്റോറന്റുകളും ബാറുകളും ഇതിനകം 50 ശതമാനം ശേഷിയില്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ നടപടിക്രമവും കൊവിഡിന് അനുയോജ്യമായ പെരുമാറ്റവും കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും ഉത്തരവില്‍ പറയുന്നു. രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ കൊവിഡ് വ്യാപനം തടയുന്നതിന് ഏപ്രില്‍ പകുതി മുതല്‍ മെയ് അവസാനം വരെ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

Tags: