ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു; ഗുണനിലവാര സൂചിക കുത്തനെ ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 382 എന്ന മോശം വിഭാഗത്തിലെത്തിയിരിക്കുകയാണെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള പ്രവചന സ്ഥാപനമായ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് അറിയിച്ചു. ഛഠ് പൂജയ്ക്ക് മുന്നോടിയായി യമുന നദിയിലെ വിഷപ്പത ബോട്ടുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്. കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു.
ഡല്‍ഹിയുടെ സമീപപ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് 334 ആയിരുന്നു. അതാണിപ്പോള്‍ 382 ആയി ഉയര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300 കടക്കുന്നത്. ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍നിന്നുള്ള പുകയും വൈക്കോല്‍ കത്തിക്കുന്നതുമാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണം. ഡല്‍ഹിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍.
കൊയ്ത്ത് കഴിഞ്ഞ ശേഷം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതുകൊണ്ടാണ് ഇത്രയധികം മലിനീകരണമുണ്ടാവുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം, നഗരത്തിനായുള്ള ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിലൂടെ ഡല്‍ഹിയിലെ വായു മലിനീകരണം നേരിടാനുള്ള നടപടികള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചു. റോഡ് യന്ത്രവത്കൃത ശുചീകരണവും റോഡുകളില്‍ വെള്ളം തളിക്കുന്നതും വര്‍ധിപ്പിക്കുക, ഉയര്‍ന്ന പൊടിപടലങ്ങളുള്ള റോഡ് സ്‌ട്രെച്ചുകള്‍ തിരിച്ചറിയുക, ദേശീയ ഹരിത െ്രെടബ്യൂണലിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി-എന്‍സിആറിലെ എല്ലാ ഇഷ്ടിക ചൂളകളും അടച്ചിട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവ സിപിസിബിയില്‍ സൂചിപ്പിച്ച ചില നടപടികളാണ്.
കല്‍ക്കരി അധിഷ്ഠിത പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതിന് നിലവിലുള്ള പ്രകൃതി വാതക അധിഷ്ഠിത പ്ലാന്റുകളില്‍നിന്ന് പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍ദേശിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വൈക്കോല്‍ കത്തിച്ചതാണ് രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം വര്‍ധിക്കാന്‍ കാരണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ദീപാവലിക്കുശേഷം വായു ഗുണനിലവാര സൂചിക ദേശീയ തലസ്ഥാനത്ത് 'അപകടകരമായി' മാറി. 503 ആയിരുന്നു സൂചിക.
