ഡല്‍ഹി സര്‍വകലാശാല യുജി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉറുദുവിന് വെട്ട്; ഗുരുതര പിഴവുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല യുജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ ഗുരുതര പിഴവുകള്‍. അപേക്ഷയിലെ മാതൃഭാഷ എന്ന വിഭാഗത്തില്‍ 'മുസ് ലിം' എന്ന് രേഖപ്പെടുത്തിയ നടപടി ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. മാതൃഭാഷ വിഭാഗത്തില്‍ ഉറുദു ഉള്‍പ്പെടുത്താത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അപേക്ഷ ഫോമിലെ പിഴവുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക ചര്‍ച്ചകള്‍ക്കും വഴി തുറന്നിട്ടുണ്ട്. പിഴവ് ഉടന്‍ തിരുത്തണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. അപേക്ഷ ഫോമിലെ പിഴവ് സ്വാഭാവിക വീഴ്ചയായി കാണാനാവില്ലെന്നാണ് വിമര്‍ശകരുടെ പ്രധാന വാദം. വിഷയം വിവാദമായിട്ടും പിഴവുകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഡല്‍ഹി സര്‍വകലാശാല തയ്യാറായിട്ടില്ല.
'ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ പ്രകാരം അംഗീകരിക്കപ്പെട്ടതും സാംസ്‌കാരിക - സാഹിത്യ പൈതൃകവുമുള്ള ഭാഷയാണ് ഉറുദു. അത്തരം ഒരു ഭാഷയെ അവഗണിച്ചത് ന്യായീകരിക്കാനാവില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗം മുസ് ലിംങ്ങള്‍ ഉറുദു സംസാരിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ അപേക്ഷ ഫോമിലെ പിശകിനെ സ്വാഭാവികമായി കാണാന്‍ കഴിയില്ല'- വിമര്‍ശകര്‍ പറയുന്നു.
ഒരു സമൂഹത്തെ ഒരു മത ലേബലിലേക്ക് ചുരുക്കി, ഭാഷാപരവും സാംസ്‌കാരികവും പ്രാദേശികവുമായ സ്വത്വങ്ങളെ ഇല്ലാതാക്കാനുള്ള വര്‍ഗീയ നീക്കത്തിന്റെ പ്രതിഫലനമാണ് അപേക്ഷയിലെ മാറ്റമെന്ന് ഡെമോക്രാറ്റിക് ടീച്ചേഴസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഭ ദേവ് ഹബീബ് പ്രതികരിച്ചു. ഹിന്ദി, പഞ്ചാബി, ബംഗാളി, മലയാളം, തമിഴ്, ഉറുദു എന്നിവ പോലെ മുസ് ലിം ഒരു ഭാഷയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ മാതൃഭാഷയായ ഉറുദുവിനെ അവഗണിക്കുന്ന നീക്കം ഒരു പിഴവ് മാത്രമല്ല, രാഷ്ട്രീയ പ്രസ്താവനയാണെന്നും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകര്‍ ആരോപിക്കുന്നു. 'ഡല്‍ഹി സര്‍വകലാശാല പോലുള്ള രാജ്യത്തെ പ്രമുഖ സര്‍വകലാശാലയില്‍ തെറ്റുകള്‍ സംഭവിക്കുന്നത് ദുഃഖകരമാണ്. ഇവ തിരുത്തണം. രാജ്യത്തെ വൈവിധ്യങ്ങളെയും ഭാഷകളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം' ഡല്‍ഹി യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഡോ. മിതുരാജ് ദുഷ്യ പ്രതികരിച്ചു.
