ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റി

Update: 2022-03-14 14:12 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഡല്‍ഹി കോടതി മാറ്റിവച്ചു. ഡല്‍ഹി കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് മാര്‍ച്ച് 21ന് ഉത്തരവ് പുറപ്പെടുവിക്കും. 2020ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയാരോപിച്ചാണ് യുഎപിഎ ചുമത്തി ഉമര്‍ ഖാലിദിനെ അറസ്റ്റുചെയ്തത്. ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ കക്ഷികളുടെ വാദങ്ങള്‍ കേട്ടതിന് ശേഷം വിധി പറയുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു. 2020 ഫെബ്രുവരിയില്‍ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്പിപി) അമിത് പ്രസാദ് ജാമ്യാപേക്ഷയെ എതിര്‍ത്തത്.

ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന ദിവസം തന്നെ ഉമര്‍ ഖാലിദ് നടത്തിയ വിവാദപ്രസംഗം ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 11ന് ജാമ്യാപേക്ഷ നിരസിച്ചതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. അതേസമയം, ഖാലിദ് നടത്തിയ പ്രസംഗം കുറ്റകരമല്ലെന്ന് ഹിയറിങ്ങിനിടെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഖാലിദ് നടത്തിയ പ്രസംഗം ഗാന്ധിയെക്കുറിച്ചും സൗഹാര്‍ദത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാലിദിനെതികായ കുറ്റപത്രം 'കഥാസൃഷ്ടി' എന്നാണ് അഭിഭാഷകന്‍ വിശേഷിപ്പിച്ചത്. വാദങ്ങള്‍ കേട്ടശേഷം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട മുസ്‌ലിം വിരുദ്ധ വംശഹത്യയുടെ ചുവടുപിടിച്ച് ഉമര്‍ ഖാലിദിനെ അറസ്റ്റുചെയ്യുന്നത്. 2020 സപ്തംബര്‍ 13ന് രാത്രിയാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയും അറസ്റ്റുചെയ്യുകയുമുണ്ടായത്. ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് യുഎപിഎയും ചുമത്തിയത്. ഈ എഫ്‌ഐആറില്‍ യുഎപിഎ പ്രകാരം കേസെടുക്കുന്ന 16ാമത്തെ വ്യക്തിയായിരുന്നു ഉമര്‍ ഖാലിദ്.

ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപം ഉമര്‍ ഖാലിദും ഒരു ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ബന്ധമുള്ള മറ്റ് രണ്ടുപേരും ചേര്‍ന്ന് നടത്തിയെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. ഖാലിദ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ തെരുവിലിറങ്ങി റോഡുകള്‍ തടയണമെന്നും പൗരന്‍മാരോട് അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിന് ട്രംപിനെ തടയുന്നതിലൂടെ സാധിക്കുമെന്ന് ഖാലിദ് പറഞ്ഞതായും എഫ്‌ഐആആര്‍ ആരോപിക്കുന്നു.

Tags: