ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണം; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നിര്‍ദേശം

അര്‍ധരാത്രിയോടെ 527 മെട്രിക് ടണ്‍ ഓക്‌സിജനും ഇന്ന് രാവിലെ ഒമ്പത് വരെ രാജ്യതലസ്ഥാനത്തിന് 86 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചതായും 16 മെട്രിക് ടണ്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രിംകോടതി ഇക്കാര്യം അറിയിച്ചത്.

Update: 2021-05-07 08:34 GMT

ന്യൂഡല്‍ഹി: രൂക്ഷമായ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ പ്രതിദിനം 700 മെട്രിക്ക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. 700 മെട്രിക് ടണ്‍ ഓക്‌സിജന്‍തന്നെ കൃത്യമായി നല്‍കണമെന്നും ഇതില്‍ കുറവ് വരുത്തി ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.

കൂടുതല്‍ ഉത്തരവുകള്‍ വരുന്നതുവരെ നിങ്ങള്‍ ദിവസവും 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യണമെന്ന് ജസ്റ്റിസ് എം ആര്‍ ഷായും ചൂണ്ടിക്കാട്ടി. അര്‍ധരാത്രിയോടെ 527 മെട്രിക് ടണ്‍ ഓക്‌സിജനും ഇന്ന് രാവിലെ ഒമ്പത് വരെ രാജ്യതലസ്ഥാനത്തിന് 86 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചതായും 16 മെട്രിക് ടണ്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രിംകോടതി ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മെഡിക്കല്‍ ഓക്‌സിജന്റെ കുറവ് സുപ്രിം കോടതിയില്‍ ചര്‍ച്ച ചെയ്തത്.

ഡല്‍ഹിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്തതിന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ സുപ്രിംകോടതി ഈ ആഴ്ച ആദ്യം സ്‌റ്റേ ചെയ്തിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യുന്നുണ്ടെങ്കിലും കൊവിഡ് 19 മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതില്‍നിന്ന് ഹൈക്കോടതിയെ തടയുന്നില്ലെന്ന് സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.

Tags: