ജെഎന്‍യു: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; പഴയ ഫീസ് ഘടനയില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഫീസ് വര്‍ധനവ് അടക്കമുള്ള സര്‍വകലാശാലയുടെ പുതിയ ഹോസ്റ്റല്‍ മാനുവല്‍ ചോദ്യംചെയ്ത് ജെഎന്‍യു സ്റ്റുഡന്റ് യൂനിയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് രാജീവ്ശക്തര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Update: 2020-01-24 09:55 GMT

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പഴയ ഫീസ് ഘടനയില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ജെഎന്‍യു അധികൃതര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഫീസ് വര്‍ധനവ് അടക്കമുള്ള സര്‍വകലാശാലയുടെ പുതിയ ഹോസ്റ്റല്‍ മാനുവല്‍ ചോദ്യംചെയ്ത് ജെഎന്‍യു സ്റ്റുഡന്റ് യൂനിയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് രാജീവ്ശക്തര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പഴയ ഫീസ് ഘടനയില്‍തന്നെ ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

ശീതകാല രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പഴയ ഹോസ്റ്റല്‍ മാനുവല്‍ പ്രകാരം ഇത് ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വൈകി രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍നിന്ന് പ്രത്യേക ഫീസ് ഈടാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2019 ഒക്ടോബര്‍ 28ന് മുമ്പ് നിലവിലുണ്ടായിരുന്ന പഴയ ഹോസ്റ്റല്‍ മാനുവല്‍ അനുസരിച്ചായിരിക്കും റിസര്‍വ് കാറ്റഗറിയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ റൂം അനുവദിക്കുക. വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താതെയാണ് ജെഎന്‍യു അധികൃതര്‍ പുതിയ ഹോസ്റ്റല്‍ മാനുവല്‍ നടപ്പാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഖില്‍ സിബല്‍ വാദിച്ചു. ഹോസ്റ്റല്‍ മാനുവലിന്റെ വ്യവസ്ഥകള്‍ മാറ്റുമ്പോള്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫീസ് വര്‍ധനവിനെതിരെയുള്ള വിദ്യാര്‍ഥി യൂനിയന്റെ സമരം കഴിഞ്ഞ മൂന്നുമാസത്തോളമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ യൂനിയന്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് പുതിയ ഐഎച്ച്എ മാനുവല്‍ ഡ്രാഫ്റ്റ് സര്‍വകലാശാല പുറത്തുവിട്ടത് മുതല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ചര്‍ച്ച കൂടാതെ മാനുവല്‍ നടപ്പാക്കിയതോടെ കാംപസ് ഉപരോധിച്ച് വിദ്യാര്‍ഥികള്‍ സമരം തുടങ്ങുകയായിരുന്നു. ജനാധിപത്യവിരുധമായി ഫീസ് വര്‍ധിപ്പിച്ച സര്‍വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാര്‍ഥി യൂനിയന്‍ വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News